തിരുവല്ല:സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പുളിക്കീഴ് ബ്ലോക്കിന്റെ് നിയന്ത്രണത്തില്‍ കാരയ്ക്കല്‍ വായനശാല പരിസരത്ത് പ്രവര്‍ത്തിക്കുന്ന 167-ാം നമ്പര്‍ അംഗന്‍വാടി പ്രവര്‍ത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയില്‍.അഞ്ച് പതിറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് അംഗന് വാടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.കടുത്തമഴയിലും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമില്ലങ്കിലും മഴപെയ്താല്‍ അംഗണവാടിക്കുള്ളില് വള്ളംകളിക്കുള്ള വെള്ളമുണ്ട്.നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടം സമീപത്തുണ്ടെങ്കിലും എംഎല്‍എക്കും എംപിമാര്‍ക്കും ഒരേസമയം ഉദ്ഘാടനത്തില്‍ പങ്കെടുക്കാനുള്ള തീയതി കിട്ടാത്തതാണ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതില്‍ കുരുന്നുകള്‍ക്ക് തിരിച്ചടിയായത്.എന്നാല്‍ ഈ വസ്തുത മറച്ച് വെക്കാന്‍ വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയാകാനുണ്ടെന്നാണ് ജില്ലാ പഞ്ചായത്തും സാമൂഹ്യ നീതിവകുപ്പും മറ്റ് അധികൃതരും പറയുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ പതിനാല് കുട്ടികളും രണ്ട് ജീവനക്കാരുമാണ് ഉളളത്. കാലപ്പഴക്കം മൂലം തകര്‍ന്ന മേല്‍ക്കൂരയ്ക്ക് മേല്‍ ടാര്‍പാളിന്‍ വലിച്ചു കെട്ടിയ നിലയിലാണ്
കെട്ടിടം. മഴവെളളം ഒലിച്ചിറങ്ങി ഭിത്തികള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. വായനശാല അധികൃതര്‍ വിട്ടുനല്‍കിയ ഭൂമിയില്‍ എട്ട് ലക്ഷത്തോളം രൂപ ചിലവഴിച്ച് നിര്‍മിച്ച പുതിയ അംഗന്‍വാടി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ട് ആറ് മാസം പിന്നിട്ടു. എന്നാല്‍ അംഗന്‍വാടിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. കാലവര്‍ഷം കനത്തതോടെ ഭീതിയോടെയാണ് രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ അംഗന്‍വാടിയിലേക്ക് പറഞ്ഞയക്കുന്നത്. പുതിയ കെട്ടിടത്തിന്റെ വൈദ്യുതീകരണം സംബന്ധിച്ച കുറച്ച് ജോലികള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുളളത്. പ്രദേശത്തെ സാധാരണക്കാരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.എല്ലാം മാറ്റിതരാമെന്ന് പറഞ്ഞ് അധികാരത്തിലെത്തി മന്ത്രിയായ എംഎല്‍എ മാത്യു ടി.തോമസ് അടക്കമുള്ള ജന പ്രതിനിധികള്‍ക്ക് മുമ്പില്‍ നിരവധി തവണ പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല.അപകട ഭീഷണിയുള്ള കെട്ടിടത്തില്‍ നിന്ന് കുട്ടികളെ ഉടന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് പഞ്ചായത്ത് അംഗങ്ങളായ ആശാദേവി,പി.ജി പ്രകാശ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: