വടക്കഞ്ചേരി: പ്രകൃതി സഞ്ചാരികള്‍ക്ക് കാനനകാഴ്ചകള്ക്ക് ദൃശ്യവിരുന്നൊരുക്കി കടപ്പാറയ്ക്കടുത്തെ ആലിങ്കല്‍ വെള്ളച്ചാട്ടം. വനമേഖലയില്‍ മഴ കനത്തതോടെ ആര്‍ത്തിരമ്പിയാണ് ജലപാതത്തിന്റെ കുതിപ്പ്. കരിമ്പാറകളില്‍ തട്ടിചിതറി നുരഞ്ഞും പതഞ്ഞും ആഴങ്ങളിലേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം സഞ്ചാരികളുടെ ഇഷ്ടപ്പെട്ട കാഴ്ചയായി മാറിയിരിക്കുകയാണ്.
ഇതിനടുത്തെത്താന്‍ കാല്‍നടയായി കുറച്ചു ബുദ്ധിമുട്ടുണെ്ടങ്കിലും ദൂരെനിന്നുതന്നെ ഈ പ്രകൃതി മനോഹാരിത കാണുന്നതോടെ ക്ഷീണവും ക്ലേശയാത്രയും ഇല്ലാതാകും. ഒഴിവുദിവസങ്ങളില്‍ വെള്ളച്ചാട്ടത്തിനു താഴെ സഞ്ചാരികളുടെ തിരക്കാണെന്ന് ഇതിനുമുകളിലെ താമസക്കാരായ കൊട്ടാരത്തില്‍ ജയിംസ് പറഞ്ഞു.ജില്ലയ്ക്കകത്തും പുറത്തുനിന്നുമുള്ള നിരവധിപേര്‍ ഇവിടെയെത്തുന്നുണ്ട്. പോത്തംതോട്, തളികകല്ല്, കുഞ്ചിയാര്‍പതി എന്നീ കാട്ടുചോലകല് സംഗമിക്കുന്ന തിപ്പലിക്കയവും ഇവിടത്തെ വിസ്മയകാഴ്ചയാണ്. ഏതു കൊടുംവേനലിലും ജലനിരപ്പ് താഴാത്ത കയമാണിത്. പോത്തംതോട്ടില്‍നിന്നും തോടുവഴിയോ അരികുചേര്‍ന്നോ അരകിലോമീറ്റര്‍ മുന്നോട്ടുകയറിപോയാല് മറ്റൊരു വെള്ളച്ചാട്ടവുമുണ്ട്. തോട്ടില്‍ വെള്ളം കൂടുതലാണെങ്കില്‍ കയറിപോകാനും ബുദ്ധിമുട്ടാകും.
മംഗലംഡാമില്‍നിന്നും 14 കിലോമീറ്റര്‍ അകലെ വനത്തിലാണ് ആലങ്കില്‍ വെള്ളച്ചാട്ടം. ഡാമില്‍ പത്തുകിലോമീറ്റര്‍ യാത്രചെയ്താല്‍ കടപ്പാറയിലെത്താം. ഇത് നല്ല ടാര്‍ റോഡാണ്. കടപ്പാറയില്‍നിന്നും നാലുകിലോമീറ്റര്‍ നടന്നുതന്നെ വേണം പോകാന്‍. തുടക്കത്തില്‍ കയറ്റമുണ്ട്. പിന്നെ കുഴപ്പമില്ല.അപകടരമായ പാറയിടുക്കുകളും ഗര്‍ത്തങ്ങളുമുള്ള കാട്ടുചോലകളുമായതിനാല് യാത്രകള്‍ ശ്രദ്ധിക്കണം. വനത്തിനുള്ളിലുള്ള തളികകല്ല് ആദിവാസി കോളനിയിലേക്ക് റോഡുനിര്‍മാണം നടക്കുന്നതിനാല്‍ ഇപ്പോള്‍ വാഹനം പോകില്ല. തിപ്പിലിക്കയവും കടന്നുമുന്നോട്ടുപോയി വലതുഭാഗത്താണ് വെള്ളച്ചാട്ടം. കാട്ടുവഴിയില്നിന്നും ഇത് കാണില്ല. ഇതിനാല്‍ തോടുമുറിച്ചു കടക്കണം. പ്രദേശവാസികളാരെങ്കിലും കൂട്ടിനുണെ്ടങ്കില് വഴിതെറ്റാതെ പോകാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: