തൃക്കരിപ്പൂര്‍: സ്വര്‍ണ്ണാഭരണമെന്ന വ്യാജേന മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ കൈക്കലാക്കിയ പിലിക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് ക്രൈം ബ്രാഞ്ചിന് വിടും. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കാനുള്ള അഭ്യര്‍ത്ഥന കേസിന്റെ അന്വേഷണ ചുമതലയുള്ള നീലേശ്വരം സിഐ ധനഞ്ജയ ബാബു ഉന്നതാധികാരികള്‍ക്ക് നല്കി. തട്ടിപ്പില്‍ ഏര്‍പ്പെട്ടിട്ടുള്ള 23 പേരെയും ചോദ്യം ചെയ്തു വരികയാണ്. തെളിവെടുപ്പിനായി കോടതി മുഖാന്തിരം കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളായ ബാങ്ക് മാനേജറും കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടുമായിരുന്ന എം.വി.ശരത് ചന്ദ്രന്, അപ്രൈസര്‍ പി.വി. കുഞ്ഞിരാമന് എന്നിവരെ ചോദ്യം ചെയ്ത ശേഷം ഇന്നലെ തിരിച്ച് ജയിലിലേക്കയച്ചു. ഇന്നലെ വൈദ്യ പരിശോധനക്ക് ശേഷമാണ് ഇരുവരെയും ജയിലില്‍ തിരിച്ചെത്തിച്ചത്.
കൂടാതെ ഈ സംഭവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അറസ്റ്റു ചെയ്ത പിലിക്കോട് സ്വദേശി സി.സുഭാഷിനെയും ഇന്നലെ റിമാന്‍ഡ് ചെയ്തു. പല തവണകളായി ഒന്‍പത് ലക്ഷം രൂപയോളം ഇയാള്‍ പണയപ്പേരില് കൈപ്പറ്റിയിട്ടുണ്ട്. തട്ടിപ്പ് നടത്താനുള്ള മുക്കുപണ്ടം ഇയാളാണ് കാഞ്ഞങ്ങാടുള്ള ജ്വല്ലറിയില്‍ നിന്നു വാങ്ങിക്കൊണ്ടുകൊടുത്തിരുന്നതെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഓരോ പ്രാവശ്യം സാധനങ്ങള്‍ വാങ്ങുമ്പോള്‍ 500 രൂപ ഇയാള്‍ക്ക് കമ്മീഷനായി ലഭിച്ചുവെന്ന് പറഞ്ഞു. മൊത്തം നാലര കിലോഗ്രാം മുക്കുപണ്ടമാണ് ഇത്തരത്തില്‍ സുഭാഷ് വാങ്ങികൊടുത്തതെന്നും ഇതിന്റെ വിലയായി അഞ്ചു ലക്ഷം രൂപയോളം ജ്വല്ലറിയില്‍ കൊടുത്തിട്ടുണ്ടെന്നും ഇയാളുടെ മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്. 23 പേര് മുഖാന്തിരം 56 പണയങ്ങളിലൂടെയാണ് ഈ തട്ടിപ്പ് നടന്നിട്ടുള്ളത്. ഒരാളുടെ പേരില്‍ തന്നെ രണ്ടും മൂന്നും തവണ ആവര്‍ത്തിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ തട്ടിപ്പില്‍ ഇടപെട്ട 23 പേരും കേസിലെ പ്രതികളാകുമെന്നാണ് അറിയുന്നത്. ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസ്സാണ് ഇത്. ഈ പണയക്കേസില്‍ ഉള്‍പ്പെട്ട അഞ്ചു പേര് ശരത് ചന്ദ്രനെതിരെ പരാതി കൊടുത്തിട്ടുണ്ട്. ഞങ്ങള്‍ക്ക് ഈ തട്ടിപ്പില്‍ പങ്കില്ലെന്നും ഒരു സഹായമെന്ന നിലയില്‍ ഒപ്പുവെച്ചു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും പരാതിയില്‍ പറയുന്നു. ഈ മുക്കുപണ്ടങ്ങള്‍ കണ്ടിട്ടേയില്ലായെന്നാണ് അപ്രൈസര്‍ കുഞ്ഞിരാമന്റെ മൊഴി. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പായി മാനേജര്‍ ഈ തട്ടിപ്പ് നടത്തി വരികയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാവിലെ എട്ടുമണിക്ക് ബാങ്കില്‍ എത്തുകയും വൈകീട്ട് ഏറെ വൈകുന്നതുവരെ ജോലി ചെയ്യുന്നുവെന്ന പേരില്‍ ബാങ്കില്‍ തങ്ങുകയും ചെയ്തിരുന്ന മാനേജരുടെ പ്രവര്‍ത്തികള്‍ സംശയിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ ഒരു തവണയെങ്കിലും പരിശോധിക്കാന്‍ ഉദ്യോഗസ്ഥരോ, ബാങ്ക് ഭരണസമിതി അംഗങ്ങളോ ശ്രമിച്ചിട്ടില്ലായെന്നാണ് മനസ്സിലാകുന്നതെന്നു പോലീസ് പറഞ്ഞു.കഴിഞ്ഞ പതിനേഴാം തീയ്യതിയാണ് പിലിക്കോട് സഹകരണ ബാങ്കിലെ തട്ടിപ്പ് സഹകരണവകുപ്പ് കണ്ടെത്തുന്നത്. എണ്‍പത് ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. കാസര്‍കോട് മുട്ടത്തൊടി ബാങ്കിലെ പണയത്തട്ടിപ്പിനെ തുടര്‍ന്ന് സഹകരണ വകുപ്പ് ജില്ലയിലെ എല്ലാ സഹകരണ സ്ഥാപനങ്ങളിലും പരിശോധന നടത്തി വരുന്നതിനിടയിലാണ് പിലിക്കോട് ബാങ്കിന്റെ കാലിക്കടവ് ശാഖയിലെ വന്‍ തട്ടിപ്പ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: