സ്വയംവിമർശനം നല്ലതുതന്നെ. എന്നാൽ ആത്മനിന്ദ ഒഴിവാക്കണം. മറ്റുള്ളവരുടെ ജീവിതം മാതൃകയാക്കണം. എന്നാൽ അവരുടെ ജീവിതത്തിൽ അസൂയാലുക്കളും അസ്വസ്ഥചിത്തരുമാകരുത്. ജീവിത വിജയം നേടിയ ആളുകളുടെ വിജയഗാഥകളും അവരുടെ സമ്പർക്കവും സത്സംഗവും നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഉപകരിക്കുന്നതാണ്.
സ്വന്തം മനഃസാക്ഷിയുടെ മന്ത്രധ്വനികൾ നമുക്ക്‌കേൾക്കാൻ സാധിക്കണം. മനഃസാക്ഷിക്കനുസരിച്ചുള്ള പ്രവർത്തനം ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്. സ്വയം ശിക്ഷിതരും സ്വാഭിമാനികളും സൂക്ഷ്മദർശിനികളുമായിരിക്കണം. നാം അത്യാവശ്യഘട്ടങ്ങളിൽസുചിന്തിതമായമായ തീരുമാനമെടുക്കുന്നതിൽ നാം മുൻപന്തിയിലായിരിക്കണം. ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാതെ കർത്തവ്യനിരതനായവർക്ക് ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്.
ശുഭാപ്തിവിശ്വാസമാണ് നമുക്കാവശ്യം. അന്യരോടുള്ള അനുതാപവും അന്യരുടെ ഉള്ളറിയാനുള്ളകഴിവും നമുക്കുണ്ടാവണം. പുറത്തുള്ളവയെ ഗഹനമായിനിരീക്ഷിക്കാനും അതിൽനിന്ന് പാഠം പഠിക്കാനും സാധിക്കണം. മൗനം വിദ്വാനുമാത്രമല്ല നമുക്കും ഭൂഷണമാവും. ഏകാന്തതയും സ്വകാര്യതയും നല്ലതാണെങ്കിലും ബാഹ്യലോകവുമായുള്ള സമ്പർക്കമാണ് ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ നല്ലത്. നമ്മുടെ വിശ്വസത്തിൽ നാം ഉറച്ചുനിൽക്കുമ്പോഴും മറ്റുള്ളവരുടെ വിശ്വസം മാനിക്കാൻ നാം മടിക്കരുത്. സ്വന്തം ആത്മാവിനെ തൊട്ടറിയുക എന്നതാണ്പ്രധാനം.
കർമ്മകുശലന്മാർ ജയപരാജയങ്ങളെ സമചിത്തതയോടെയാണ് കാണുന്നത്. ജയപരാജയങ്ങളെ സമചിത്തതയോടെ സമീപിക്കുന്നവർ വിജയത്തിൽ അത്യാഹ്ലാദവും പരാജയത്തിൽ അതീവ ദുഃഖവും പ്രകടിപ്പിക്കുന്നില്ല. അനുഭവങ്ങളാണ് നമുക്ക് ആത്മവിശ്വാസം പകർന്നുനൽകുന്നത്. സ്വന്തം കഴിവിൽ അഹങ്കരിക്കാത്ത ഇവർ തങ്ങളുടെ കഴിവുകേടിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈയോഗം അവരെ കർത്തവ്യനിരതരാക്കുന്നു.
നാം ചില്ലറക്കാരല്ല. ദൈവത്തിന്റെ സ്വന്തം സൃഷ്ടിയായ നാം പ്രകൃതിയുടെ പ്രതിരൂപമാണ്. സീമാതീതമായ കഴിവുകളുടെ കലവറയാണ്. അപരിമിതമായ ശക്തിശ്രോതസുകളാണ് നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്നത്. ഈബോധം നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്.
















