പൊന്‍കുന്നം: തോണിപ്പാറ-ആഴാന്തക്കുഴി റോഡിലെ കുഴികള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. വാട്ടര്‍ അതോറിട്ടി ജലവിതരണക്കുഴലുകള്‍ സ്ഥാപിക്കാനായെടുത്ത കുഴികള്‍ യഥാവിധി മൂടാത്തത് മഴ കനത്തതോടെ അപകടക്കെണിയാകുന്നു.
പൈപ്പ്‌ലൈന്‍ സ്ഥാപിച്ചപ്പോള്‍ പല സ്ഥലങ്ങളിലും വെള്ളം ലീക്കായതിനെത്തുടര്‍ന്ന് റോഡ് വീണ്ടും കുഴിക്കുകയുണ്ടായി. ഈ സ്ഥലങ്ങളില്‍ കോണ്‍ക്രിറ്റ് ചെയ്യുമെന്നാണ് കരാറുകാരന്‍ പറഞ്ഞിരുന്നത്. ഒന്നുരണ്ടു സ്ഥലങ്ങളില്‍ ഇതു ചെയ്യുകയുമുണ്ടായി. ബാക്കി സ്ഥലങ്ങളിലെ കുഴികള്‍ മണ്ണിട്ടു മൂടുക മാത്രമാണുണ്ടായത്.
മഴ ശക്തമായതോടെ ഈ ഭാഗങ്ങളില്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡ് താഴുക പതിവാണ്. പൊതുവേ വീതി കുറഞ്ഞ ഈ റോഡില്‍ ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും അപകടത്തില്‍ പെടുന്നത് പതിവാണ്. നാട്ടുകാര്‍ പലദിവസങ്ങളിലും വീണ്ടും താത്കാലികമായി മണ്ണിടുകയാണ് ചെയ്യുന്നത്. അപകടസാധ്യതയേറിയ കുഴികള്‍ മൂടുവാന്‍ കരാറുകാരനും വാട്ടര്‍ അതോരിറ്റിയും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
















