സന്ദേഹോ f യം മാഹനത്ര പാരാശര്യ കഥാനകേ
നരനാരായണൗ ശാന്തൗ വൈഷ്ണവാംശൗ തപോധനൗ
തീരത്ഥാശ്രമൗ സത്വ യുക്തൗ വന്യാശന പരൗ സദാ
ധർമ്മപുത്രൌ മനാത്മാനൗ താപസൗ സത്യസംസ്ഥിതൗ
ജനമേജയൻ വീണ്ടും സംശയം ഉന്നയിച്ചു. ‘അതീവ ശാന്തന്മാരും വൈഷ്ണവാംശങ്ങളുമായ നരനാരായണൻമാർ, സത്യവാന്മാരും തപോധനന്മാരുമാണല്ലോ. കായ്‌കനികൾ തിന്നു കഴിയുന്ന ധർമിഷ്ഠരായ ഈ മഹാരഥന്മാർ ധ്യാനമൊക്കെ ഉപേക്ഷിച്ചു പോരിനായി പുറപ്പെടാൻ കാരണമെന്ത്? അതും നൂറു വർഷമാണ് അവർ യുദ്ധം ചെയ്തത്! ഈ യുദ്ധമുണ്ടാവാനുള്ള ശരിയായ കാരണവും ആ യുദ്ധത്തിന്റെ വിവരണവും കേൾക്കാൻ എനിക്കാഗ്രഹമുണ്ട്. സാധാരണയായി കലഹമുണ്ടാവാൻ ഒന്നുകിൽ കനകം, അല്ലെങ്കിൽ കാമിനി ഇവയാണ് കാരണം. എന്നാൽ ഈ വിരക്തന്മാർക്ക് അങ്ങിനെയുള്ള കാര്യങ്ങളിൽ താൽപര്യം ഉണ്ടാവാനിടയില്ല. പിന്നെയെങ്ങിനെ ഈ യുദ്ധബുദ്ധി അവരിൽ അങ്കുരിച്ചു? സുഖഭോഗങ്ങളോ അത്ഭുതസിദ്ധികളോ അവരെ പ്രലോഭിപ്പിച്ചു എന്ന് പറയാൻ കഴിയുമോ? നൂറു ദിവ്യവർഷങ്ങൾ തപം ചെയ്ത് ക്ഷീണിച്ച ദേഹത്തെ അവർ യുദ്ധം ചെയ്തു വീണ്ടും തപിപ്പിച്ചു! രാജ്യം, ധനം, സ്ത്രീ എന്നിത്യാദി വിഷയങ്ങൾ അവരെ സ്വാധീനിക്കാനിടയില്ല. യാതൊരാഗ്രഹവും ഇല്ലാത്തവർ എന്തിനായി യുദ്ധത്തിൽ ഏർപ്പെടണം? ബുദ്ധിയുള്ളവർ ശരീരത്തെ അനാവശ്യമായി പീഡിപ്പിക്കുകയില്ല. ഹരിവംശജരായ ഇവർ സർവ്വ ഗുണ സമ്പന്നരുമാണല്ലോ! പിന്നെ അവർ എന്തിനായി ഈ ധർമ്മവിരുദ്ധമായ യുദ്ധം ചെയ്തു? സമാധിയിൽ ആനന്ദപൂർവ്വം നിലകൊണ്ടിരുന്ന ഇവർ അതിനെ ഉപേക്ഷിച്ചത് എന്തിനാണ്?
അഹങ്കാരം ഹേതുവായി രാജാവായ യയാതി ഭൂമിയിലേയ്‌ക്ക് നിപതിച്ചതിന്റെ കഥ ഞാൻ കേട്ടിട്ടുണ്ട്. ‘ദാനയജ്ഞാദികളിലും ധർമ്മ പ്രവർത്തനങ്ങളിലും കേമനായ ഒരു രാജാവാണ് ഞാൻ‘ എന്ന് പറഞ്ഞ നിമിഷത്തിൽ അദ്ദേഹം താഴെ വീണു. അഹങ്കാരം തന്നെയാണ് യുദ്ധ ഹേതു. മുനിമാർക്ക് യുദ്ധം കൊണ്ട് പുണ്യക്ഷയമല്ലാതെ എന്ത് പ്രയോജനം?
തുടരും
















