അടിമാലി: രണ്ടാള്‍ ഉയരമുള്ള കഞ്ചാവ് ചെടികള്‍ നാര്‍ക്കോട്ടിക് സംഘം വെട്ടി നശിപ്പിച്ചു. ആനച്ചാല്‍ ആമക്കണ്ടം ഭാഗത്തുള്ള യൂക്കാലി തോട്ടത്തിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. നാര്‍ക്കോട്ടിക് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നാര്‍ക്കോട്ടിക് ഇന്‍സ്‌പെക്ടര്‍ എം.എസ്. ജനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു പരിശോധന. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള യൂക്കാലി തോട്ടത്തില്‍ റോഡില്‍ നിന്നും നൂറു മീറ്ററോളം ഉള്‍ഭാഗത്തായി മുള്‍ച്ചെടികളുടെ മറവിലായിരുന്നു കഞ്ചാവ് ചെടികള്‍. കൃഷിയിറക്കുന്നതിനു സമാനമായ രീതിയില്‍ തടം എടുത്ത് സംരക്ഷിച്ചുപോന്ന നാല് ചെടികളാണ് കണ്ടെത്തിയത്. ചില ചെടികള്‍ ഒന്നരയാള്‍ മുതല്‍ രണ്ട് ആള്‍പൊക്കം വരെയുള്ളവയായിരുന്നു. ഇവ വെട്ടി നശിപ്പിച്ച ശേഷം കേസെടുത്തിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ കൃഷിയുണ്ടോ എന്ന്പരിശോധിച്ചു വരികയാണ്. പ്രിവന്റീവ് ഓഫീസര്‍മാരായ സി.സി.സാഗര്‍, കെ.എം. അഷറഫ്, സി.ഇ.ഓമാരായ എ.സി. നെബു, ബിജു മാത്യു, സുനീഷ്‌കുമാര്‍ എന്നിവരും റെയ്ഡിനുണ്ടായിരുന്നു.
















