മലയാളത്തില്‍ ഇന്നോളം പ്രസിദ്ധീകരിച്ച എണ്ണമറ്റ പുസ്തകങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കൃതി തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടാണ്. കേരളത്തിലെ ഒട്ടുമിക്ക പ്രസാധകരും ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി, പുരാതനമായ നമ്മുടെ താളിയോലഗ്രന്ഥങ്ങളുടെ രൂപഭാവാദികളോടെയുള്ള ഒരു പതിപ്പ് ഇതാദ്യമാണ്. പാംലീഫ് ഇന്നൊവേഷന്‍സിന്റെ ഗ്രന്ഥരൂപം ശ്രേണിയിലെ അഞ്ചാമത്തെ ഗ്രന്ഥമാണ് അദ്ധ്യാത്മരാമായണം, കിളിപ്പാട്ട്.
താളിയോലഗ്രന്ഥരൂപത്തിലുള്ള ഈ പതിപ്പ് ധാരാളം പ്രത്യേകതകള്‍ ഉള്ളതാണ്. പലയിടത്തും സൂക്ഷിച്ചുവച്ചിട്ടുള്ള താളിയോലയിലെഴുതിയ രാമായണത്തിന്റെ ഓലയുടെ അളവിലാണ് ഇതിന്റെ താളുകള്‍. കാഴ്ചയില്‍ മാത്രമല്ല, തൊട്ടുനോക്കിയാല്‍പോലും പനയോലതന്നെ എന്നു തോന്നുന്ന രീതിയിലാണ് രൂപകല്‍പന. കൈയെഴുത്തിനോട് സാദൃശ്യമുള്ള പഴയലിപിയിലുള്ള അക്ഷരങ്ങള്‍ താളിയോലയില്‍ നാരായം കൊണ്ടെഴുതിയ ഗ്രന്ഥങ്ങളുടെ ഓര്‍മയുണര്‍ത്തും. അതേസമയം വരികള്‍ മുറിച്ച് കോളം തിരിച്ചുള്ള അച്ചടിയായതിനാല്‍ പഴയഗ്രന്ഥങ്ങളേക്കാള്‍ വായനാസുഖം ഏറുകയും ചെയ്യും.
താളിയോലയിലെഴുതിയ രാമായണത്തെക്കുറിച്ച് പറയുമ്പോള്‍ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്ന ഒന്നാണ് കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ സ്ഥിതിചെയ്യുന്ന ഓറിയന്റല്‍ മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള അത്യപൂര്‍വ്വമായ ചിത്രരാമായണം. കേരളത്തിന്റെ താളിയോലച്ചിത്ര പാരമ്പര്യത്തിന് ഉദാത്തമാതൃകയെന്നു പറയാവുന്ന, അറുനൂറോളം വര്‍ഷത്തെ പഴക്കം വരുന്ന ഈ താളിലോയഗ്രന്ഥം അതിലെ ചിത്രങ്ങളുടെ ശൈലീപരമായ പ്രത്യേകതകള്‍കൊണ്ട് തന്നെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. രാമായണം മുഴുവനായും ചിത്രരൂപത്തില്‍ അവതരിപ്പിക്കുകയാണിതില്‍. ഈ അപൂര്‍വഗ്രന്ഥത്തിലെ ചിത്രങ്ങളെ ആസ്പദമാക്കി വരച്ച ചിത്രങ്ങളാണ് പാംലീഫ് ഇന്നോവേഷന്‍സിന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഗ്രന്ഥരൂപത്തിന്റെ മറ്റൊരു പ്രത്യേകത. എല്ലാ കാണ്ഡത്തിലെയും പ്രധാന സന്ദര്‍ഭങ്ങള്‍ താളിയോലച്ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഇതില്‍ ചേര്‍ത്തിരിക്കുന്നു.
കര്‍ക്കിടകമാസത്തില്‍ രാമായണപാരായണം ഹൈന്ദവഗൃഹങ്ങളിലെ അനുഷ്ഠാനങ്ങളുടെ ഭാഗമാണ്. നിത്യവും ഏകശ്ലേകിരാമായണം ചൊല്ലിയാണ് പാരായണം അവസാനിപ്പിക്കുക പതിവ്. ഏകശ്ലോകി രാമായണത്തിന് ചിത്രാവിഷ്‌കാരം നല്‍കിയതാണ് ഇനിയും പറയേണ്ട മറ്റൊരു പ്രത്യേകത.
പാംലീഫ് ഇന്നോവേഷന്‍സിന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന് അവതാരിക എഴുതിയിരിക്കുന്നത് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഡീന്‍ ഡോ. ജി. ഗംഗാധരന്‍ നായരാണ്. ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുള്ള ചിത്രങ്ങള്‍ക്ക് ആമുഖക്കുറിപ്പ് നല്‍കിയിരിക്കുന്നത് കേരളത്തിലെ പാരമ്പര്യ ചിത്രകലകളെക്കുറിച്ച് ഏറെ പഠനങ്ങള്‍ നടത്തിയിട്ടുള്ള ഡോ.എം.ജി. ശശിഭൂഷണ്‍. 540 പേജുകളുള്ള ഈ ഗ്രന്ഥം ഈട്ടിത്തടിയില്‍ തീര്‍ത്ത ചട്ടകള്‍കൊണ്ട് സംരക്ഷിച്ചിരിക്കുന്നു. ഗ്രന്ഥങ്ങള്‍ ചുവന്ന പട്ടില്‍ പൊതിഞ്ഞുസൂക്ഷിക്കുന്ന സമ്പ്രദായത്തെ അനുസ്മരിച്ച് ചുവപ്പ് ശീലയില്‍ പൊതിഞ്ഞാണ് ഇത് നല്‍കുന്നത്.
േഫാൺ: 9020209220
പ്രതികരിക്കാൻ ഇവിടെ എഴുതുക: