കണ്ണൂര്‍: പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനിയര്‍മാര്‍ കരാറുകാരുടെ വീട്ടിലേക്ക് പോകാനോ വിവാഹം ഉള്‍പ്പെടെ കുടുംബത്തിലെ ചടങ്ങുകള്‍ക്ക് ക്ഷണിക്കുകയോ ചെയ്യരുതെന്ന പ്ലാനിങ്ങ് ബോര്‍ഡ് അംഗവും ഡിഎംആര്‍സി ഉപദേഷ്ടാവുമായ ഇ.ശ്രീധരന്റെ പ്രസംഗത്തില്‍ ഓള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ശക്തമായി പ്രതിഷേധിച്ചു. ഈ പ്രസ്താവന രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരെയും എഞ്ചിനിയര്‍മാരെയും ഒരുപോലെ അപകീര്‍ത്തിപ്പെടുത്തുന്നതും ദുരുദ്ദേശപരവുമാണ്. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ അവരുടെ സജീവപങ്കാളിത്തം തിരിച്ചറിയുവാന്‍ അദ്ദേഹത്തിന് ഇനിയും കഴിഞ്ഞിട്ടില്ല എന്നുളളത് ഖേദകരമാണ്. ഞാന്‍ മാത്രമാണ് സമൂഹത്തില്‍ നല്ലവനെന്നുള്ളത് അഹംഭാവത്തിന്റെ മറ്റൊരു രൂപമാണ്. സദസ്സിന്റെ കയ്യടി ലക്ഷ്യമാക്കിയുള്ള ഇത്തരം വിലകുറഞ്ഞ വാചകക്കസര്‍ത്തുകള്‍ നടത്തുന്നത് ഇ.ശ്രീധരനെപ്പോലെയുള്ളവര്‍ക്ക് ചേര്‍ന്നതല്ല. ആദര്‍ശത്തില്‍ ഉറച്ച തൊഴില്‍ സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍ സഹായകരവുമല്ല. എഞ്ചിനിയര്‍മാരും കരാറുകാരും കൈക്കൂലിക്കാരാണെന്ന തെറ്റിദ്ദാരണ അദ്ദേഹം തിരുത്തണം. സംസ്ഥാനതലത്തിലുള്ള ഒരു സുപ്രധാന കൂടിച്ചേരലില്‍ അദ്ദേഹത്തിന്റെ വിവാദ പ്രസംഗം വേദനിപ്പിക്കുന്നതാണെന്നും അത് തിരുത്തണമെന്നും അദ്ദേഹത്തെപ്പോലെ സമുന്നത പദവിയിലിരിക്കുന്നവര്‍ക്ക് അത് ഭൂഷണമല്ലെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. യോഗത്തില്‍ പാട്രണ്‍ സി.എച്ച്.അബൂബക്കര്‍ ഹാജി, പ്രസിഡണ്ട് രാധേശ്യാം ഖണ്ഡേല്‍വാല്‍, സെക്രട്ടറി പി.പി.അബ്ദുറഹിമാന്‍, ട്രഷറര്‍ പി.വി.കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
















