കോട്ടയം: ക്ലാസ് കട്ട് ചെയ്തു ആളൊഴിഞ്ഞ പറമ്പിലിരുന്നു കഞ്ചാവ് ഉപയോഗിച്ച സ്‌കൂള്‍ വിദ്യാര്‍ഥികളെ പോലീസ് കണ്‍ട്രോള്‍ റൂം സംഘം പിടികൂടി. കുറിച്ചിയിലെ സ്‌കൂളിലെ നാലു വിദ്യാര്‍ഥികളെയാണ് ഈസ്റ്റ് എസ്ഐ യു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്റെ ഓപ്പറേഷന്‍ ഗുരുകുലം പദ്ധതിയുടെ ഭാഗമായി കണ്‍ട്രോള്‍ റൂമിലെ അഞ്ചാം നമ്പര്‍ വാഹനത്തില്‍ പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളിലെ ലഹരി മാഫിയയുടെ സ്വാധീനം കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധന നടത്താന്‍ ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു.
ഇതിനിടെ പുതുപ്പള്ളി പ്രദേശത്ത് കഞ്ചാവ് മാഫിയ സംഘങ്ങള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിക്കുന്നതായി സിഐ നിര്‍മല്‍ ബോസിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നു പുതുപ്പള്ളി പ്രദേശത്തു പരിശോധന നടത്താന്‍ പൊലീസിനു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ ഉച്ചയോടെ ഇവിടെ പരിശോധന നടത്തിയ കണ്‍ട്രോള്‍ റൂം വാഹനത്തിലെ പൊലീസുകാരാണ് ആളൊഴിഞ്ഞ പ്രദേശത്തേയ്‌ക്കു വിദ്യാര്‍ഥികള്‍ പോകുന്നതു കണ്ടെത്തിയത്. തുടര്‍ന്നു കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.എന്‍ മനോജ്, ജെയ്‌മോന്‍ കെ.തോമസ് എന്നിവര്‍ വിദ്യാര്‍ഥികളെ പിന്‍തുടരുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുനിന്നു കുട്ടികളെ കണ്ടെത്തിയ കുട്ടികളെ പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തു. കഞ്ചാവെന്നു സംശയിക്കുന്ന ഉത്പന്നങ്ങളും കുട്ടികളില്‍ നിന്നു പിടിച്ചെടുത്തു. മാതാപിതാക്കളെ വിളിച്ചു വരുത്തിയ ശേഷമാണ് കുട്ടികളെ പൊലീസ് വിട്ടയച്ചത്. കുട്ടികളെ പിന്നീട് കൗണ്‍സിലിങ്ങിനു വിധേയരാക്കും.
















