ചിറ്റൂര്‍/കൊല്ലങ്കോട്: കേരളത്തിലേക്ക് ബസില്‍ കടത്തിവരുകയായിരുന്ന 14 കിലോയോളം കഞ്ചാവ് പിടികൂടി. നാല് പേര് അറസ്റ്റില്‍. ഇന്നലെ മൂന്ന് വ്യത്യസ്ത പരിശോധനകളിലാണ് ഇത്രയും കഞ്ചാവ് പിടിച്ചത്. ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ പൊള്ളാച്ചില്‍ നിന്നും തൃശ്ശൂരിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സില്‍ കടത്തുകയായിരുന്ന മൂന്ന് കിലോ കഞ്ചാവ് കൊല്ലങ്കോട് എക്സൈസ് സംഘം കുതിര മൂളിയില്‍ പിടികൂടി. തുടര്‍ന്ന് വൈകുന്നേരം മൂന്നേകാലിന് ഗോവിന്ദാപുരം വാണിജ്യനികുതി ചെക്ക് പോസ്റ്റിനു സമീപത്തുള്ള പോലീസ് എയ്ഡ് പോസ്റ്റില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ പൊള്ളാച്ചിയില്‍ നിന്നും തൃശ്ശൂരിലേക്ക് പോകുന്ന കെ എസ്.ആര്.ടി.സിയില്‍ വെച്ച് സ്കൂള്‍ ബാഗില്‍ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവും പിടിച്ചു. ഗോപാലപുരം ചെക്ക്പോസ്റ്റില്‍ തമിഴ്നാട് സര്‍ക്കാര്‍ ബസില്‍ ഒളിച്ചുകടത്തിയ ആറരകിലോ കഞ്ചാവുമായാണ് മറ്റൊരു പ്രതി പിടിയിലായത്.
ഗോപാലപുരം ചെക്ക്പോസ്റ്റില്‍ തമിഴ്നാട് സര്‍ക്കാര്‍ ബസില്‍ ഒളിച്ചുകടത്തിയ ആറരകിലോ കഞ്ചാവുമായി മധുര ഉശിലംപട്ടി നാഗരാജന്റെ മകന് തങ്കപ്പാണ്ടി (28)യാണ് അറസ്റ്റിലായത്. ചെങ്കോട്ട-കോഴിക്കോട് ബസിലാണ് ബാഗിലാക്കി കഞ്ചാവ് കൊണ്ടുവന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയ്ക്ക് എക്സൈസ് അധികൃതരുടെ വാഹനപരിശോധനയ്ക്കിടെയാണ് ലഹരിവസ്തു കണ്ടെത്തിയത്.
ആന്ധ്രയില്‍നിന്നും കൊണ്ടുവരുന്ന കഞ്ചാവ് കോഴിക്കോട്ടെത്തിച്ച് സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കു വില്പന നടത്തുന്നതിനാണെന്നും ഇടനില വില്പനക്കാര്ക്ക് പതിവായി കഞ്ചാവ് എത്തിക്കാറുണ്ടെന്നും പ്രതി മൊഴി നല്കി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ശ്രീരാജ്, പ്രിവന്റീവ് ഓഫീസര്‍മാരായ മനോജ് കുമാര്‍, സുരേഷ്, സജീവ് എന്നിവരാണ് കഞ്ചാവു പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. ചിറ്റൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൊല്ലങ്കോട്ട് നടന്ന കഞ്ചാവ് വേട്ടയില്‍ കൊടുങ്ങല്ലൂര്‍ ഇടത്തുരുത്തി ചൂണ്ടയില്‍ ധനേഷ് (32) നെ അറസ്റ്റു ചെയ്തു. സ്കൂള്‍ ബാഗിലായി പ്രത്യേകം പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉദുമല്‍ പേട്ടയില്‍ നിന്നും തൃപ്രയാറിലേക്ക് കൊണ്ടു പോകുകയായിരുന്നതായി ധനേഷ് മൊഴി നല്കി. ഇതിനകം നിരവധി കേസുകളില്‍ ശിക്ഷ ലഭിച്ചയാളാണ് ധനേഷ്. വധശ്രമം, കുഴല്‍പ്പണം, പിടിച്ചുപറി, കഞ്ചാവ് കടത്ത് തുടങ്ങിയ 16 കേസുകളിലെ പ്രതിയായ ഇയാള്‍ ഗുണ്ടാ ആക്റ്റ് പ്രകാരം 6 മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നിട്ടുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ ഓമനക്കുട്ടന് പിള്ള, അസ്സി, എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി.മുരളീധരന്, പ്രിവന്റീവ് ഓഫീസര്‍ വി.സജീവന്, സി.ഇ.ഒമാരായ നാസര്‍, ഉണ്ണികൃഷ്ണന്, ഡ്രൈവര്‍ രാധാകൃഷ്ണന് അടങ്ങുന്ന സംഘം കുതിര മൂളിയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കൊല്ലങ്കോട് പോലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വൈകുന്നേരം മൂന്നേകാലിന് ഗോവിന്ദാപുരം വാണിജ്യനികുതി ചെക്ക്പോസ്റ്റിനു സമീപത്തുള്ള പോലീസ് എയ്ഡ് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ പൊള്ളാച്ചിയില്‍ നിന്നും തൃശ്ശൂരിലേക്ക് പോകുന്ന കെ എസ്.ആര്.ടി.സിയില്‍ വെച്ച് സ്കൂള്‍ ബാഗില്‍ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവും പിടിച്ചു. പുതുക്കാട് മുത്തറത്തിക്കര സ്വദേശികളായ വിഷ്ണു (20), കോമാത്ത് സുബീഷ് (20) എന്നിവരില്‍ നിന്നായി രണ്ടു ബാഗുകളിലായാണ് കഞ്ചാവ് പിടികൂടിയത്.
ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന അക്ബര്‍, നൈസാം, സി ഐ. എന്‍എസ്.സലീഷ്, എസ്.ഐ. സഞ്ചീവ് കുമാര്‍, സിപിഒ ജയകുമാര്‍, വി സി.പി.ഒമാരായരാജേഷ് വി രാമദാസ്, എന്‍ രതീഷ്, ഗസറ്റഡ് ഓഫീസര്‍ എല്‍.എസ്.ജി.ഡി സെക്ടഷന്‍ അസി: എഞ്ചിനീയര്‍ രവി എന്നി്വര മുമ്പാകെയാണ് പ്രതികളെ അറസ്റ്റു ചെയ്ത് തൊണ്ടിമുതല്‍ പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: