രഞ്ജിത്ത് ഏബ്രഹാം തോമസ്
പുലാമന്തോള്‍: സോഷ്യല്‍ മീഡിയകളിലെ വ്യാജ അക്കൗണ്ടുകള്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. പുലാമന്തോള്‍ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ഹൈസ്ക്കൂള് കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് വഴി മെസേജുകളും നെറ്റ് കോളുകളും വരുന്നതായി വ്യാപക പരാതി.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. എന്നിട്ടും വിദ്യാര്‍ത്ഥിനികള്‍ സംഭവം പുറത്ത് പറയുന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. പഞ്ചായത്തിലെ നിരവധി പെണ്‍കുട്ടികളോട് പരിചയം നടിച്ച് ചാറ്റ് ചെയ്ത ഈ ഗൂഢസംഘങ്ങള്‍ പിന്നീട് ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. പരിചയക്കാരുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചാണ് പെണ്‍കുട്ടികളോട് ചങ്ങാത്തം കൂടാന്‍ ശ്രമിക്കുന്നത്. അറിയുന്നവരാണെന്ന ധാരണയില്‍ ഫോണിലോ നേരിട്ടോ നിജസ്ഥിതി കണ്ടെത്താന്‍ ആരും ശ്രമിക്കാറുമില്ല.
സൗഹൃദം ആരംഭിച്ചതിന് ശേഷം അശ്ലീല ചിത്രങ്ങള്‍ അയക്കുകയാണ് ഇത്തരം വ്യാജ അക്കൗണ്ട് ഉടമകള്‍ ആദ്യം ചെയ്യുന്നത്. പ്രതികരിച്ചില്ലെങ്കില്‍ നെറ്റ് കോള്‍ ചെയ്ത് നിരന്തരം ശല്യപ്പെടുത്തും.
ഫോണ്‍ എടുത്താല്‍ കേട്ടാല്‍ അറക്കുന്ന തെറിയും. ചെമ്മലശ്ശേരി സ്വദേശിനിയായ ഒരു വിദ്യാര്‍ത്ഥിനിയുടെ ഫെയ്സ് ബുക്ക് അക്കൗണ്ടില്‍ വന്ന ചില നഗ്ന ചിത്രങ്ങള്‍ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവത്തെ പറ്റി പുറംലോകം അറിയുന്നത്. ഇതെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പരാതിയുമായി രംഗത്തെത്തി. പലരും മാനഹാനി ഭയന്നാണ് ഇത്തരം അനുഭവങ്ങള്‍ പുറത്ത് പറയാത്തത്. സംസ്ഥാനത്തെ ഞെട്ടിപ്പിച്ച ഐഎസ് ബന്ധത്തിന്റെ കഥകള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഒരുപോലെ ഭീതിയിലായിരിക്കുകയാണ്.
ഹൈസ്ക്കൂള്, ഹയര്‍സെക്കണ്ടറി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നൂതന സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്കുന്ന രക്ഷിതാക്കളാണ് കുറ്റക്കാരെന്ന് അദ്ധ്യാപകര്‍ പറയുന്നു. വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ടെങ്കിലും പല വിദ്യാര്‍ത്ഥികളും ഫോണുമായാണ് സ്കൂളിലെത്തുന്നത്. കണ്ടെത്തുന്ന ഫോണുകള്‍ ഓഫീസില്‍ വാങ്ങിവെക്കുകയും രക്ഷിതാക്കളെ ഏല്‍പ്പിക്കുകയുമാണ് ചെയ്യാറ്. എത്ര ഫോണുകള്‍ പിടിച്ചാലും വീണ്ടും വീണ്ടും തെറ്റ് ആവര്‍ത്തിക്കുകയാണ് കുട്ടികള്‍. അതുകൊണ്ട് തന്നെ ഈ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് അദ്ധ്യാപകര്‍ അഭിപ്രായപ്പെടുന്നു.
മൊബൈല്‍ ഉപയോഗിക്കുന്ന ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഫോണ്‍ ചെയ്യുന്നത് തന്നെ അപൂര്‍വ്വമാണ്. കൂടുതല്‍ പേരും ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് പോലെയുള്ള നവമാധ്യമങ്ങള്‍ കൈകാര്യം ചെയ്യാനാണ് ഫോണ്‍ ഉപയോഗിക്കുന്നത്. പരിചയം ഉള്ളതും ഇല്ലാത്തതുമായ സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതിലൂടെ പലരും ചതിക്കുഴികളിലും അകപ്പെടുന്നു. സ്വകാര്യ സംഭാഷണങ്ങളുടെ സ്ക്രീന്‍ ഷോട്ട് എടുത്ത് പുറത്ത് വിടും എന്ന് ഭീഷണിപ്പെടുത്തിയാണ് ഇത്തരം ഗൂഢസംഘങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ബ്ലാക്ക് മെയില്‍ ചെയ്യുന്നത്. സൗഹൃദങ്ങള്‍ അവസാനിപ്പിക്കണമെന്ന് കുട്ടികള്‍ ആഗ്രഹിക്കുമ്പോഴേക്കും കുരുക്ക് മുറുകിയിരിക്കും. അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും ഒരുപോലെ ജാഗരൂഗരായില്ലെങ്കില്‍ വരും തലമുറയുടെ ഭാവി തന്നെ അപകടത്തിലായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: