പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.
രോഗികള്‍ക്ക് മികച്ച ചികിത്സ നല്കുന്ന ആശുപത്രിയെ മനപൂര്‍വ്വം തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കായകല്പ് അവര്‍ഡ് നേടിയ ജില്ലാ ആശുപത്രിയെ കരിവാരിതേക്കാനുള്ള ശ്രമമാണ് നിലവില്‍ ആരോഗ്യവകുപ്പ് കൈകൊള്ളുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് വേണ്ടി ടോക്കണ്‍ ഫീസ് വര്‍ധിപ്പിക്കാന്‍ പോലും ആശുപത്രി മാനേജ്മെന്റ് കമ്മറ്റി നിര്‍ബന്ധിതരായി.
ഹോസ്പിറ്റല്‍ സിറ്റിയെന്ന് അറിയപ്പെടുന്ന പെരിന്തല്‍മണ്ണയില്‍ സ്വാകാര്യ ആശുപത്രികളും മെഡിക്കല്‍ കോളേജുകളും ധാരാളമുണ്ട്. എന്നാല്‍ സാധാരണക്കാരന് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത് ഈ ആശുപത്രിയാണ്. കുത്തകളെ സഹായിക്കാന്‍ പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുആരോഗ്യ സംവിധാനം അട്ടിമറിക്കുകയാണെന്നും യുവമോര്‍ച്ച ആരോപിച്ചു. യുഡിഎഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത ശിശു സംരക്ഷണ കേന്ദ്രം ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല. എത്രയും വേഗം ഇത് തുറന്നുകൊടുക്കാത്ത പക്ഷം കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്നും യുവമോര്‍ച്ച മുന്നറിയിപ്പ് നല്കി.
ജില്ലാ ജനറല്‍ :സെക്രട്ടറി ശിതു കൃഷ്ണന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് അറ്ക്കല് അദ്ധ്യക്ഷത വഹിച്ചു. എ.ശിവദാസന്‍, പി.സാജന്, എം.പി.രാമചന്ദ്രന്, ബിജേഷ് എന്നിവര്‍ സംസാരിച്ചു. ധര്‍ണ്ണക്ക് ശേഷം ആശുപത്രി സൂപ്രണ്ടുമായി നേതാക്കള്‍ ചര്‍ച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: