കട്ടപ്പന: കട്ടപ്പന മുനിസിപ്പാലിറ്റി പുളിയന്‍മലയില്‍ പണിതിരിക്കുന്ന ആധുനിക അറവുശാലയുടെ മലിനീകരണ പ്ലാന്റ് നിറഞ്ഞ് മാലിന്യങ്ങള്‍ സമീപത്തുള്ള കെട്ടിടങ്ങളിലേയ്‌ക്കും തോട്ടങ്ങളിലേയ്‌ക്കും ഒഴുകിയെത്തുന്നു. സഹിക്കാന്‍ പറ്റാത്ത ദുര്‍ഗന്ധവും വമിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതിന്റെ സമീപത്തായി നാല്‍പ്പതോളം കുടുംബങ്ങളുള്ള ഒരു എസ് സി കോളനിയുമുണ്ട്.മാലിന്യം ടാങ്കില്‍ നിന്നും പൊട്ടിയൊഴുകുന്നതുമൂലം സമീപവാസികള്‍ക്ക് പനിയും,ശ്വാസകോശ രോഗങ്ങളും പിടിപെട്ടിരിക്കുകയാണ്. അറവുശാലയുടെ നിര്‍മ്മാണഘട്ടം മുതല്‍ തന്നെ വിവാദങ്ങള്‍ നിലനിന്നിരുന്നു. നിര്‍മ്മാണം കഴിഞ്ഞ് പതിനേഴ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംസ്‌കരണ പ്ലാന്റ് പൊട്ടിയിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമാണ് മലിനീകരണ ബോര്‍ഡിന്റെ അനുമതി വാങ്ങിയത്. ഇത് ഒരു റെഡ് കാറ്റഗറി വ്യവസായമായ ആധുനിക അറവുശാലയ്‌ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചത് നിയമവിരുദ്ധമായിട്ടാണ്. ഈ അറവുശാലയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഒന്നും പുതിയവയല്ലെന്നും ഇത് പഴയത് വാങ്ങി മെയിന്റനന്‍സ് ചെയ്ത് എത്തിച്ചതാണെന്നും ആരോപണമുണ്ട്.
ഇപ്പോള്‍ അറവുശാലയുടെ വെളിയില്‍ വച്ചാണ് കശാപ്പ് നടക്കുന്നത്. അറവുശാല പുളിയന്‍മലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കശാപ്പ് പകുതിയോളം നടക്കുന്നത് ടൗണിലും മറ്റ് കശാപ്പ്ശാലയിലുമാണ്. ഇതിനെതിരെ മുനിസിപ്പാലിറ്റി അധികൃതര്‍ക്കും, ആരോഗ്യ വകുപ്പിനും പരാതി കൊടുത്തിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃര്‍ തയ്യാറായിട്ടില്ല. ഉടന്‍ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നാട്ടുകാര്‍ പറഞ്ഞു.
















