കോഴിക്കോട്: നിര്‍മ്മാണ മേഖലയില്‍ വില വര്‍ദ്ധിച്ചുവരുന്നത് തടയണമെന്നും അസംസ്‌കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലവര്‍ധനവ് നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി. ഖനന നിരോധനവും വിലക്കയറ്റവും അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും കാരണം നിര്‍മ്മാണ മേഖലയും തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുകയാണെന്ന് സി ഡബ്ല്യു എസ് എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കടല്‍ മണല്‍ ഖനനം ചെയ്ത് മണല്‍ ക്ഷാമം പരിഹരിക്കണം. നിര്‍മ്മാണമേഖലയിലെ ചെറുകിട കരാറുകാര്‍ക്ക് അംഗീകാര സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നടപടിയെടുക്കണം. കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും അനുമതി നല്‍കുമ്പോള്‍ ഒരു നിശ്ചിത തുക ഈടാക്കി നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സൈറ്റ് ഇന്‍ഷുറന്‍സ് നടപ്പില്‍ വരുത്തണം. സിമന്റ് കമ്പനികളും ഡീലര്‍മാരും പല കാരണങ്ങള്‍ പറഞ്ഞ് വിപണിയില്‍ കൃത്രിമക്ഷാമമുണ്ടാക്കി സിമന്റിന്റെ വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വന്‍കിട നിര്‍മ്മാണ കമ്പനികളുടെ കടന്നുകയറ്റം ചെറുകിട കരാറുകാരെ ആശ്രയിക്കുന്ന കെട്ടിടനിര്‍മ്മാണ മേഖലയില്‍ തൊഴിലില്ലായ്‌മ സൃഷ്ടിക്കുന്നതായും സി ഡബ്ല്യു എസ് എ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷാജി ചേവരമ്പലം, സെക്രട്ടറി ഭാസ്‌കരന്‍ വടക്കൂട്ട്, വി ഒ കെ രാജന്‍, അബ്ദുള്‍ സലീം എന്നിവര്‍ പങ്കെടുത്തു.
















