കോഴിക്കോട്: പൊതുമരാമത്തിന്റെ മേല്‍നോട്ട സംവിധാനം അടിമുടി പൊളിച്ചെഴുതണമെന്ന് കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍. പൊതുമരാമത്ത് വകുപ്പില്‍ ജീവനക്കാരെ പുനര്‍വിന്യസിച്ച് അടിസ്ഥാനഘടകമായ സെക്ഷന്‍ ഓഫിസുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും, സബ്ഡിവിഷനുകളും സര്‍ക്കിള്‍ ഓഫിസുകളും നിര്‍ത്തലാക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മികച്ച എഞ്ചിനീയറിംഗ് സ്ഥാപനങ്ങളുമായും അന്താരാഷ്‌ട്ര അംഗീകാരമുള്ള പ്രൊഫഷണലുകളുമായും സഹകരിച്ച് സംസ്ഥാനജില്ലാ തലങ്ങളില്‍ കണ്‍സള്‍ട്ടന്‍സികള്‍ ആരംഭിക്കണം. ബാഹ്യ കണ്‍സള്‍ട്ടന്‍സികളെ ഒഴിവാക്കി അതുവഴി എഞ്ചിനീയറിംഗ് വിഭാഗങ്ങളുടെ മികവ് ഉയര്‍ത്താന്‍ സാധിക്കും. ജൂലൈ 25 ന് കോഴിക്കോട്ട് ചേരുന്ന സംസ്ഥാന സമിതിയോഗം ഇക്കാര്യങ്ങള്‍ ആലോചിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ജനറല്‍ സെക്രട്ടറി വി ഹരിദാസ്, വൈസ് പ്രസിഡന്റ് സി ചേക്കുട്ടി, കെ സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















