കൊച്ചി: കര്‍ണ്ണാടകയിലെ മൈസൂര്‍ ജില്ലയിലെ ഹൊസൂര്‍ താലൂക്കില്‍ നിന്നുള്ള അപ്പുവും ദര്‍ശനും സ്‌കൂളിലെത്തി. സര്‍വ്വ ശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ‘സ്‌കൂള്‍ ചലേ ഹം’ പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയ വിദ്യാലയ പ്രവേശനം നേടാതിരുന്ന കുട്ടികളെയാണ് അയ്യപ്പന്‍കാവ് എസ്എന്‍ ഹൈസ്‌കൂളില്‍ പ്രവേശിപ്പിച്ചത്.
എസ്എസ്എയുടെ നേതൃത്വത്തില്‍ കൊറങ്ങോട്ട ദ്വീപില്‍ നടത്തിയ അന്വേഷണത്തിലാണ് കര്‍ണ്ണാടക സംസ്ഥാനം മൈസൂര്‍ ജില്ലയിലെ ഹൊസൂര്‍ താലൂക്കില്‍ നിന്നുള്ള ആറു കുട്ടികളെ കണ്ടെത്തിയത്. കുട്ടവഞ്ചിയില്‍ മീന്‍പിടുത്തം ഉപജീവനമാക്കിയ മുത്തു-രേണുക ദമ്പതികളുടെ മകന്‍ 8 വയസ്സുകാരനായ ദര്‍ശന്‍, സുരേഷ്ബിന്ദു ദമ്പതികളുടെ 7 വയസ്സുള്ള അപ്പു എന്നിവരെയാണ് ഒന്ന്, രണ്ട് എന്നീ ക്ലാസുകളില്‍ പ്രവേശിപ്പിച്ചത്. കുട്ടികളെ എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസര്‍ എസ് സന്തോഷ്‌കുമാര്‍ പഠനോപകരണങ്ങള്‍ അടങ്ങിയ ബാഗ് നല്‍കി സ്വീകരിച്ചു. ഒന്നാം ക്ലാസില്‍ അപ്പുവിന് കൂട്ടായി രാജസ്ഥാനില്‍ നിന്നുള്ള ഖുശ്ബു, സന്ദീപ് ബീഹാറില്‍ നിന്നുള്ള സൈമ, സന, രാഹത്, താഹ ബംഗാളില്‍ നിന്നുള്ള ലക്ഷമി, നസിയ എന്നിവരുമുണ്ട്.
സര്‍വ്വേയ്‌ക്ക് അര്‍ബണ്‍ കോ ഓര്‍ഡിനേറ്റര്‍ ലിസി ബബിത ദീപു, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എസ് ശ്രീകുമാര്‍, ട്രെയിനര്‍മാരായ ധന്യ മേരി പി, സുമേര കെ എസ്, ആന്‍സിമോള്‍ എം വി എന്നിവര്‍ നേതൃത്വം വഹിച്ചു.
ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന ഇടങ്ങളിലും ട്രൈബല്‍ മേഖലയിലും നഗരപ്രാന്തങ്ങളിലും സര്‍വ്വേ പുരോഗമിക്കുകയാണ്. വിദ്യാലയങ്ങളില്‍ പ്രവേശിപ്പിക്കാത്ത 6 വയസ്സു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളെ കണ്ടെത്തുന്നവര്‍ എസ് എസ് എ യുടെ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലോ, എസ് ആര്‍ വി എല്‍ പി സ്‌കൂളിലുള്ള എസ് എസ് എ യുടെ ജില്ലാ പ്രോജക്ട് ഓഫീസിലോ അറിയിക്കണമെന്ന് ജില്ലാ പ്രോജക്ട് ഓഫീസര്‍ എസ് സന്തോഷ്‌കുമാര്‍ പറഞ്ഞു. ഫോണ്‍. 9447840371.
















