ഇത്യാകര്‍ണ്യ വചസ്താസാം ധര്‍മ്മപുത്ര: പ്രതാപവാന്‍
വിമര്‍ശമകരോച്ചിത്തേ കിം കര്‍ത്തവ്യം മയാധുനാ
ഹാസ്യോfഹം മുനിവൃന്ദേഷു ഭവിഷ്യാമൃദ്യ സംഗമാത്
അഹങ്കാരാദിദം പ്രാപ്ത: ദുഃഖം നാത്ര വിചാരണാ
വ്യാസന്‍ പറഞ്ഞു: ദേവനാരിമാര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ താന്‍ ഇനി എന്താണ് വേണ്ടതെന്ന് നാരായണമുനി ആലോചിച്ചു. ‘ഇവരുമായി സംഗമം ഉണ്ടായാല്‍ ഞാന്‍ മുനിമാരുടെ ഇടയില്‍ പരിഹാസപാത്രമാവും എന്നത് തീര്‍ച്ചയാണ്. അഹങ്കാരത്താല്‍ത്തന്നെയാണ് ഈ ആപത്ത് വന്നുചേര്‍ന്നത്! ധര്‍മ്മഭ്രംശം ചെയ്യാനുള്ള ആദ്യഹേതു അഹങ്കാരമാണ്.
സംസാരത്തിന്റെ ബീജാവാപം തന്നെ അഹങ്കാരത്തില്‍ നിന്നാണെന്ന് വിജ്ഞന്മാര്‍ പറയുന്നു. ദേവനാരിമാര്‍ വന്നതാണ് എന്റെ ദുഃഖത്തിന് കാരണം. ഞാനാണെങ്കില്‍ മൗനം ഭജിച്ച് ഇരിക്കാതെ തപോബലം കൊണ്ട് കുറെ പുതുനാരിമാരെ സൃഷ്ടിക്കുകയും ചെയ്തു. സ്വര്‍ഗ്ഗത്തില്‍ വന്ന സ്ത്രീകള്‍ കാമാര്‍ത്തകളായി എന്നെ സ്വാധീനിച്ചിരിക്കുന്നു. എട്ടുകാലി സ്വയം താനുണ്ടാക്കിയ വലയില്‍ കുടുങ്ങിയത്‌പോലെയായി എന്റെ കാര്യം.
ഇനി എനിക്കെന്തു ചെയ്യാന്‍ കഴിയും? ഇവരെ തീര്‍ത്തും ഉപേക്ഷിച്ചു പോയാലോ? ആശാഭംഗം വന്ന്! അവര്‍ വന്നവഴിക്ക് മടങ്ങുമ്പോള്‍ എനിക്കെന്റെ തപസ്സു തുടരാം. കോപഭാവമാര്‍ജ്ജിച്ചുകൊണ്ട് ഈ സുന്ദരിമാരെ ഉപേക്ഷിക്കുക തന്നെ!’
നാരായണമുനി വീണ്ടും ആലോചിച്ചു: ‘ദുഃഖത്തിനുള്ള രണ്ടാമത്തെ കാരണം ക്രോധമാണല്ലോ! കാമത്തെക്കാളും ലോഭത്തെക്കാളും അപകടകാരിയാണിത്. ക്രുദ്ധന്‍ നികൃഷ്ടമായ എന്തും ചെയ്തുകൂട്ടും! നരകത്തീയുണ്ടാക്കുന്നത് ക്രോധമാണ്.
മരക്കഷണങ്ങള്‍ തമ്മിലുരസി തീയുണ്ടാകുന്നതുപോലെ ഉള്ളില്‍ കോപമുയരുമ്പോള്‍ സ്വദേഹത്തെത്തന്നെ അത് തപിപ്പിക്കുന്നു.’
ഇങ്ങനെ ചിന്തിച്ചുവശായ നാരായണമുനിയോട് അനുജനായ നരന്‍ ധര്‍മ്മാനുസാരം ഇങ്ങനെ പറഞ്ഞു: ‘നാരായണാ, കോപമരുതേ. അഹങ്കാരത്തെ ജയിക്കാന്‍ ശാന്തികൊണ്ടേ സാധിക്കൂ. അഹങ്കാരദോഷമാണല്ലോ നമ്മുടെ തപസ്സിന് വിഘ്‌നം വരുത്തിയത്! മുന്‍പ് ആയിരംകൊല്ലം നമ്മള്‍ പ്രഹ്ലാദനോട് യുദ്ധം ചെയ്തത് ക്രോധാഹങ്കാരങ്ങള്‍ വര്‍ദ്ധിച്ചപ്പോഴാണ്.
അന്ന് നമ്മള്‍ക്കുണ്ടായ തിക്താനുഭവങ്ങള്‍ ഇപ്പോഴും ഓര്‍മ്മയുണ്ടല്ലോ! ശാന്തിയാണ് തപസ്സിന് ബീജമായുള്ളത്. അതുകൊണ്ട് ശാന്തനായാലും.’ നരന്റെ വാക്കുകള്‍ നാരായണനെ ശാന്തനാക്കി.
















