കൊച്ചി: കൊച്ചി മഹാനഗരത്തെ വേണ്ട രീതിയില്‍ പരിഗണിക്കാതെ അവതിപ്പിച്ച ബജറ്റെന്ന വിമര്‍ശനം ഉയരുന്നു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നല്‍കിയ സ്മാര്‍ട്ട് സിറ്റി, അമൃത് പദ്ധതി തുടങ്ങി മികച്ച പദ്ധതികള്‍ പ്രഖ്യാപിച്ച് കൃത്യ സമയത്ത് അതിനാവശ്യമായ തുക നല്‍കുമ്പോള്‍ സംസ്ഥാന ബജറ്റില്‍ ജില്ലയെ തീര്‍ത്തും അവഗണിച്ചു. പാലങ്ങള്‍ക്കും റോഡുകള്‍ക്കും തുക അനുവദിച്ചുവെന്നല്ലാതെ ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ഒന്നും തന്നെയില്ലായെന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന കൊച്ചി റീജണല്‍ ക്യാന്‍സര്‍ സെന്ററിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണമായും തഴഞ്ഞു. പല ആശുപത്രികളിലും ഡയലിസിസ് സെന്റര്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം മാത്രമാണുള്ളത്. നേരത്തെ യുഡിഎഫ് സര്‍ക്കാരും പല വാഗദാനങ്ങളും നല്‍കി വഞ്ചിച്ചതിന് പിന്നാലെയാണ് പിണറായി സര്‍ക്കാരും ക്യാന്‍സര്‍ സെന്ററിന് വേണ്ട പരിഗണിക്കാതെ പോയത്. യുഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ 20 കോടി മാറ്റിവെച്ചിരുന്നെങ്കിലും പണം ചെലവഴിച്ചില്ല.
ജില്ലയെ ധനമന്ത്രി അവഗണിച്ചപ്പോള്‍ അതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പോലും എംഎല്‍എമാര്‍ തയ്യാറായിട്ടില്ല. ജില്ലയില്‍ നെല്ലിനെ അടിസ്ഥാനമാക്കിയുള്ള ആഗ്രോപാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉണ്ട്. മഹാരാജാസ് കോളേജിനെ അറിവിന്റെ കേന്ദ്രമാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുമെന്ന പ്രഖ്യാപനം വന്നിട്ടുണ്ട്. ആരോഗ്യ രംഗത്ത് സമഗ്രമാറ്റം വരുത്തുമെന്ന പ്രഖ്യാപനം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിരുന്നു. ഇത് പ്രകാരം ജില്ലാ ആശുപത്രികളുടെയും താലൂക്ക് ആശുപത്രികളുടെയും വികസനത്തിന് അന്നത്തെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി നിരവധി പ്രഖ്യാപനം നടത്തിയെങ്കിലും ഒന്നും തന്നെ പ്രാവര്‍ത്തികമാക്കിയിരുന്നില്ല.
എറണാകുളത്ത് ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡജിയം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനവും മന്ത്രി നടത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ ജില്ലകളിലും നിര്‍മ്മിക്കുന്ന സ്റ്റേഡിയങ്ങള്‍ക്ക് വേണ്ടി നീക്കി വെച്ചിരിക്കുന്നത് 500 കോടി രൂപ മാത്രമാണ്. കുമ്പളങ്ങി-കെല്‍ട്രോണ്‍ ഫെറി റോഡ്, കോതമംഗലം-പെരുമ്പാവൂര്‍ ബൈപാസ്, പട്ടിമറ്റം-കിഴക്കമ്പലം റോഡ്,വടുതല റെയില്‍വേ മേല്‍പ്പാലം തുടങ്ങി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുള്ള ചില പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റിലുള്ളത്.
















