പത്തനംതിട്ട: ഇത്തവണത്തെ ആറന്മുള വഴിപാട് വള്ളസദ്യകള്‍ ജൂലൈ 15 ന് ആരംഭിക്കും ഇതിന്റെ ഭാഗമായി 14 ന് അടുപ്പിലേക്ക് അഗ്‌നിപകരുന്ന ചടങ്ങ് നടക്കും. ആദ്യ വഴിപാട് വള്ളസദ്യയില്‍ എട്ട് പള്ളിയോടങ്ങള്‍ പങ്കെടുക്കും. ഏകജാലക സംവിധാനത്തിലൂടെയുള്ള വഴിപാട് വള്ളസദ്യകളുടെ ബുക്കിങ്ങ് പുരോഗമിക്കുകയാണ്.
ഉത്രട്ടാതി ജലമേളയ്‌ക്കും വള്ളസദ്യകള്‍ക്കും മുന്നോടിയായി പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ പള്ളിയോട പ്രതിനിധികളുടെയും കരനാഥന്മാരുടെയും സംയുക്ത പൊതുയോഗം 10ന് വൈകിട്ട് മൂന്നിന് ആറന്മുള എന്‍എസ്എസ് ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കും. പൊതുയോഗത്തില്‍ പള്ളിയോടങ്ങളുടെ 2016 ലെ വാര്‍ഷിക ഗ്രാന്റ് മുന്‍കൂറായി വിതരണം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ.ജി ശശിധരന്‍ പിള്ള അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.ആര്‍ രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ.പി സോമന്‍, ട്രഷറര്‍ കൃഷ്ണകുമാര്‍ കൃഷ്ണവേണി എന്നിവര്‍ പ്രസംഗിക്കും. പള്ളിയോട കരകളുടെ പ്രതിനിധികള്‍ക്ക് പുറമേ, പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരും പങ്കെടുക്കണമെന്ന് സെക്രട്ടറി പി ആര്‍.രാധാകൃഷ്ണന്‍ അറിയിച്ചു.
















