മുട്ടം: കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായി. സമീപ പഞ്ചായത്തുകളായ കരിങ്കുന്നം, കുടയത്തൂര്‍, ആലക്കോട്, ഇടവെട്ടി, മേലുകാവ്, കടനാട്, തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിന് ജനങ്ങളാണ് ചികിത്സ തേടി മുട്ടം ഹെല്‍ത്ത് സെന്ററില്‍ എത്തുന്നത്. കോടതി, എഞ്ചിനീയറിങ് കോളേജ്, പോളിടെക്‌നിക് ,ഐ എച്ച് ആര്‍ ഡി, വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍, നിരവധി വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ മുട്ടത്ത് പ്രവര്‍ത്തിച്ചു വരുന്നു .മുട്ടത്ത് താലൂക്ക് ആശുപത്രി വരുന്നത് ഈ മേഖലയില്‍ ഉള്ളവര്‍ക്ക് എല്ലാം ഏറെ പ്രയോജനകരമാണ്. മുട്ടത്തും പരിസരങ്ങളിലും നിരവധി ലക്ഷം വീട് കോളനികളാണ് നിലവില്‍ ഉള്ളത്.സാധാരണക്കാരായ രോഗികള്‍ക്ക് വളരെ ആശ്വാസകരമായ നടപടിയാകും ഹെല്‍ത്ത് സെന്ററിനെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നത്.വിവിധ കോണുകളില്‍ നിന്നും ഈ ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. റസിഡന്‍സ് അസോസിയേഷനുകള്‍, രാഷ്ടീയ പാര്‍ട്ടികള്‍, വ്യാപാരി സമൂഹം എന്നിവരെല്ലാം ഈ ആവശ്യമുയര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്.
ഹെല്‍ത്ത് സെന്ററിനെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
















