അടിമാലി: വിനോദസഞ്ചാരികളുടെ തിരക്ക് മൂലം നിരന്തരം യാത്രാക്കുരുക്ക് നേരിടുന്ന മൂന്നാര്‍ ടൗണില്‍ പ്രശ്‌നപരിഹാരാര്‍ത്ഥം തുടങ്ങിയ പോലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനരഹിതമായിട്ട് വര്‍ഷങ്ങളാകുന്നു. ഇത് പുനരാരംഭിക്കുവാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയുമില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കനത്ത മഴയെതുടര്‍ന്ന് മണ്ണിടിച്ചിലുള്‍പ്പെടെയുള്ള പ്രകൃതിഷോഭങ്ങളെ തുടര്‍ന്ന് പഴയ മൂന്നാര്‍ വെള്ളത്തിനടിയിലാവുകയും ദേശീയപാത ഒലിച്ച് പോകുകയും ചെയ്തിരുന്നു. ഈ സമയത്താണ് ജനങ്ങളുടെ സുരക്ഷയ്‌ക്കും സേവനത്തിനും വേണ്ടി കണ്‍ട്രോള്‍ റൂം തുറന്നത്. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അധികാരികള്‍ റൂം പൂട്ടി സ്ഥലംവിടുകയായിരുന്നു. വിനോദ സഞ്ചാര സീസണില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന മാട്ടുപ്പെട്ടി ജംഗ്ഷനില്‍ അത്യാവശ്യമായിരുന്ന കണ്‍ട്രോള്‍ റൂമാണ് അടച്ച് പൂട്ടിയത്. ഈ ഭാഗത്ത് പുതിയപാലം വന്ന് സൗകര്യങ്ങള്‍ വര്‍ദ്ധിച്ചെങ്കിലും വാഹനങ്ങളുടെ ആധിക്യവും കാല്‍നടയാത്രികരുടെ വര്‍ദ്ധനവും ഏറെ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. പോലീസിന്റെ സേവനം ഇവിടെ അനിവാര്യമാണ്. ഇവിടെ താല്‍ക്കാലികമായി പോലീസുകാരെ ഡ്യൂട്ടിക്കിടാറുണ്ടെങ്കിലും തക്കസമയങ്ങളില്‍ പ്രയോജനപ്പെടാറില്ല. കണ്‍ട്രോള്‍ റൂം തുറന്ന് കൂടുതല്‍ പോലീസുകാരെ ഡ്യൂട്ടിക്കിട്ടാല്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരമാകും.
















