കൊച്ചി: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇഡോ-അമേരിക്ക ട്രസ്റ്റ് മുഖേന നിരാലംബര്‍ക്ക് വീടും പുരയിടവും നല്‍കാമെന്ന്പറഞ്ഞ് വരാപ്പുഴ ഭാഗങ്ങളിലുള്ള പലരുടെയും കൈയില്‍നിന്ന് പണം തട്ടിയ സ്ത്രീ അറസ്റ്റില്‍. കുമ്പളങ്ങിയിലുള്ള കോളരിക്കല്‍ വീട്ടില്‍ ജോയിയുടെ ഭാര്യ ഓമന (51)യാണ് വരാപ്പുഴ പോലീസിന്റെ പിടിയിലായത്.
ട്രസ്റ്റിന് വിദേശത്തുനിന്നും കോടികള്‍ വന്നിട്ടുണ്ടെന്നും നിരാലംബര്‍ക്ക് സൗജന്യമായി വീടും പുരയിടവും നല്‍കാമെന്നും രജിസ്‌ട്രേഷന്‍ ഫീസായി 10,000 രൂപ അടക്കണമെന്നും പറഞ്ഞ് 50, 60 ലക്ഷം രൂപ വിലയുള്ള വീടും പുരയിടവും ബ്രോക്കര്‍മാര്‍ മുഖേന കാണിച്ച് ടോക്കണ്‍ തുക നല്‍കി വിശ്വസിപ്പിച്ചാണ് ചതിച്ചത്. ഡോക്യുമെന്റേഷന്‍ ഇനത്തില്‍ വീണ്ടും പണം ആവശ്യപ്പെട്ട് പലപ്പോഴായി 7.50 ലക്ഷം രൂപ വരാപ്പുഴയിലുള്ള ടെസ്സി എന്ന സ്ത്രീയില്‍നിന്നും കൂടാതെ വരാപ്പുഴയില്‍തന്നെയുള്ള സജിയില്‍നിന്നും 50,000 രൂപയും വിനോദില്‍നിന്ന് 24000 രൂപയും സോഫി, സ്‌റ്റെഫ്‌ന എന്നിവരില്‍നിന്ന് 37,500 രൂപയും വാങ്ങി ചതിച്ചു.
പ്രതി പണം വാങ്ങിയതിനുശേഷം ബെംഗളൂരുവില്‍ താമസിച്ച് ട്രസ്റ്റ് നടത്തുന്ന ഷേര്‍ളി എന്ന സ്ത്രീക്ക് കൈമാറുകയാണ് ചെയ്യുന്നത്. ബെംഗളൂരുവില്‍ ഷേര്‍ളിയുടെ കീഴില്‍ ഇത്തരം ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നറിയുന്നതിനും ഷേര്‍ളിയെ അറസ്റ്റ്‌ചെയ്യുന്നതിനും പോലീസ് അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ആലുവ ഡിവൈഎസ്പി റസ്റ്റമിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നോര്‍ത്ത് പറവൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രേമാനന്ദകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ വരാപ്പുഴ എസ്എച്ച്ഒ ഷാരോണ്‍, എസ്‌ഐ ക്ലീറ്റസ്, ഡബ്ല്യുസിപിഒമാരായ സ്വപ്‌ന, ആശ എന്നിവര്‍ പ്രതിയെ അറസ്റ്റുചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
















