രാജപുരം: ഡെങ്കിപ്പനി മലയോരത്തെ ഭീതിയിലാഴ്ത്തുമ്പോള്‍ ആരോഗ്യ ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പ്രശംസ പിടിച്ചുപറ്റി മാതൃകയാകുകയാണ് കള്ളാര്‍ പഞ്ചായത്തിലെ പൂടംകല്ല് പനച്ചിങ്ങ വളപ്പിലെ കൂക്കള്‍ രവി. പകര്‍ച്ചപ്പനിക്കെതിരെ അരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ അവഗണിക്കുന്നതാണ് ഒരു പരിധിവരെ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നതെന്ന് രവി പറയുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക മഴവെള്ളം കെട്ടിക്കിടക്കാനനുവദിക്കാതിരിക്കുക തുടങ്ങിയ ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനാല്‍ പനിപ്പേടിയില്ലാതെയാണ് രവിയുടെ കുടുംബം ജീവിക്കുന്നത്.
കൊതുകിന്റെ പ്രജനനം തടയാന്‍ കവുങ്ങിന് തോട്ടങ്ങളിലെ പാളകള്‍ പെറുക്കിയെടുത്ത് ജൈവവേലി നിര്‍മ്മിക്കുകയാണ് രവി ചെയ്യുന്നത്. ഇത് ഇവരുടെ കുടുംബത്തിന് മാത്രമല്ല സമീപവാസികള്‍ക്ക് പോലും ഗുണകരമാണെന്നറിയുമ്പോഴാണ് പ്രവര്‍ത്തിയുടെ മഹത്വം മനസിലാകുന്നത്. ഇത്തരത്തിലുള്ള ചിന്തയാണ് ജൈവവേലി നിര്‍മിക്കാന്‍ രവിക്ക് പ്രേരണയായത്. തോട്ടത്തിലെ കവുങ്ങുകളില്‍ കെട്ടിയിട്ടുള്ള മുളയില്‍, ദിവസവും വീഴുന്ന പാളകള്‍ പെറുക്കിയെടുത്ത് തൂക്കിയിടുകയാണ് ചെയ്യുന്നത്. ഇത് പാളകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കി കൊതുകിന്റെ പ്രജനനം ഇല്ലാതാക്കുന്നതായി രവി പറയുന്നു. എല്ലാ വര്‍ഷവും മഴക്കാലത്തിന് മുമ്പേ തന്നെ ഇത്തരത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി വരുന്നു. സഹായത്തിനായി ഭാര്യ ഷൈലയും കൂടെയുണ്ട്. പൂടംകല്ല് സര്‍വീസ് സഹകരണ ബാങ്കിന്റെ ഒടയംചാല്‍ ശാഖയില്‍ പിഗ്മി കളക്ഷന്‍ ഏജന്റാണ് രവി.
കവുങ്ങ് തോട്ടത്തിലെ പാളകള്‍ ശേഖരിച്ച് ജൈവവേലി നിര്‍മ്മിക്കുന്ന കൂക്കള്‍ രവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: