ഇടുക്കി: മറയൂരിലെ വനമേഖലയില്‍ കൊള്ളസംഘം തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് വനംവകുപ്പും പോലീസും തിരച്ചില്‍ നടത്തുന്നു. കഴിഞ്ഞ ദിവസം കീഴാന്തൂര്‍ ഗ്രാമത്തിന് തൊട്ടടുത്തുള്ള കടയില്‍ നിന്ന് നൂറ് കിലോ അരി, ബിസ്‌ക്കറ്റ്, വെളിച്ചെണ്ണ, ബീഡി എന്നിങ്ങനെയുള്ള സാധനങ്ങള്‍ മോഷണം പോയിരുന്നു. പണം മോഷ്ടാക്കള്‍ എടുത്തതുമില്ല. അടുത്ത വീടുകളില്‍ നിന്നും വസ്ത്രങ്ങളും കണാതായിരുന്നു. വനത്തിനുള്ളില്‍ താമസിക്കുന്ന കൊള്ള സംഘങ്ങളാണോ സംഭവത്തിന് പിന്നിലെന്നാണ് പോലീസും വനംവകുപ്പും സംശയിക്കുന്നത്. ഇവര്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാകാനാണ് സാധ്യത. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥന്‍ പ്രഭു, മൂന്നാര്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് മേധാവി അനില്‍കുമാര്‍, മറയൂര്‍ റെയ്ഞ്ചര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാടിനുള്ളില്‍ തിരച്ചില്‍ നടത്തിയത്. മണ്‍സൂണിന്റെ ഭാഗമായി തിരച്ചില്‍ നടത്തിയതാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തിരച്ചിലില്‍ മോഷ്ടാക്കളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. മറയൂര്‍ എസ്.ഐ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തുന്നുണ്ട്. ചന്ദനം കൊള്ളയടിക്കാനെത്തിയ സംഘമാണോ കാട്ടിനുള്ളില്‍ തമ്പടിച്ചിരിക്കുന്നതെന്നും അന്വേഷിക്കുന്നുണ്ട്.ജില്ലസ്‌പെഷ്യല്‍ ബ്രാഞ്ചും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
















