കൊച്ചി: യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പുറത്തുപോകല്‍ ഭാരതവും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധങ്ങളില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊച്ചി ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് യു. ചിരഞ്ജീവി. ഭാരത നിക്ഷേപകര്‍ക്ക് ബ്രിട്ടനില്‍ കൂടുതല്‍ മെച്ചപ്പെട്ട വിപണി ലഭ്യമാകാനുള്ള സാധ്യതയാണ് തുറന്നു കിട്ടാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിദേശ വ്യാപാരത്തില്‍ ധനകാര്യ രേഖകള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ഫിക്കിയുടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ നടത്തിയ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതവും ചൈനയും ബ്രിട്ടനിലേക്ക് വിദേശ മൂലധനം കൊണ്ടുവരുന്ന പ്രധാന ശക്തികളാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന് പുറത്തുപോകുന്നതോടെ ഭാരതവും ചൈനയും ബ്രിട്ടനുമായി പ്രത്യേകം ഉഭയകക്ഷി നിക്ഷേപ സംരക്ഷണ കരാറുകള്‍ ഉണ്ടാക്കേണ്ടതായി വരും. ഭാരതത്തിന്റെ ചരക്ക് വ്യാപാരത്തിന്റെ 15 ശതമാനം ബ്രിട്ടനുമായാണ്. ഇത് ക്രമേണ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഈ സാഹചര്യത്തില്‍ ഭാരതത്തില്‍ നിന്നുള്ള കമ്പനികളെ ആകര്‍ഷിക്കുന്നതിന് ബ്രിട്ടന് കഠിനാധ്വാനം ചെയ്യേണ്ടതായി വന്നേക്കും. നികുതി ഇളവു ചെയ്തും പിഴ കുറച്ചും മറ്റും മെച്ചപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ട് മാത്രമേ ഇത് സാധ്യമാകൂ. സങ്കീര്‍ണമായ ബ്യൂറോക്രാറ്റിക് നിയന്ത്രണങ്ങളുള്ള യൂറോപ്യന്‍ യൂണിയന് വിപണിയില്‍ നിന്ന് വ്യത്യസ്തമായി നിയന്ത്രണങ്ങള്‍ കുറഞ്ഞതും കൂടുതല്‍ സ്വതന്ത്രവുമായ വിപണി ബ്രിട്ടനില്‍ തുറന്നുകിട്ടാന്‍ സാധ്യതയുണ്ട്.
രാജ്യത്തെ വിദേശ വ്യാപാര മേഖലയോട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തുറന്ന സമീപനമാണ് എക്കാലവും സ്വീകരിച്ചുവരുന്നത്. ഇറക്കുമതിയേക്കാള്‍ താരതമ്യേന കയറ്റുമതിക്ക് സഹായകമാകുന്ന വിധത്തില്‍ ഇന്ത്യയുടെ വിദേശ വ്യാപാര നയം ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ മാറിയിട്ടുണ്ട്. ഗവണ്മെന്റിന്റെ മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ് ഇന്ത്യ, സ്റ്റാന്റപ് ഇന്ത്യ ദൗത്യങ്ങളുമായും ബിസിനസ് സൗഹൃദ നയങ്ങളുമായും ചേര്‍ന്നു നിന്നുകൊണ്ടുള്ള ചുവടുവെപ്പുകളാണ് റിസര്‍വ് ബാങ്ക് നടത്തിവരുന്നത്.
ഏഷ്യന്‍ ക്ലിയറന്‍സ് യൂണിയന് വഴിയുള്ള യൂറോയുടെ വിനിമയം റിസര്‍വ് ബാങ്ക് ജൂലൈ ഒന്നു മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് ഇക്കാര്യം പുനപരിശോധനാ ഘട്ടത്തിലായതിലായതിനാലാണെന്നും ചിരഞ്ജീവി വ്യക്തമാക്കി. വിവിധ സെഷനുകളിലായി നടന്ന സെമിനാറിന് ഇന്റര്‍നാഷണല്‍ ട്രേഡ് ആന്റ് ഫിനാന്‍സ് ട്രെയിനറും കോര്‍പറേറ്റ് അഡൈ്വസറുമായ കെ. പരമേശ്വരന് നേതൃത്വം നല്കി. ഐ സി സി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് ഉമ്മത്, എസ് ബി ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഓമേഷ് പുരി, ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ മേധാവി സാവിയോ മാത്യു എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: