തൊടുപുഴ: തൊടുപുഴ-പാലാ റൂട്ടില്‍ മുട്ടം ചള്ളാവയല്‍ കവലയിലെ വൈദ്യുതി പോസ്റ്റ് അപകടകരമായ നിലയില്‍.പോസ്റ്റിന്റെ ചുവട് ഭാഗത്തെ കോണ്‍ക്രീറ്റ് പൂര്‍ണ്ണമായും തകര്‍ന്ന് കമ്പി തെളിഞ്ഞ നിലയിലാണ്. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നു പോവുന്ന ഗതാഗത തിരക്കേറിയ റോഡാണിത്. കോണ്‍ക്രീറ്റ് പൂര്‍ണ്ണമായും തകര്‍ന്നതിനെ തുടര്‍ന്ന് പോസ്റ്റ് ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയില്‍ റോഡിലേക്ക് ചരിഞ്ഞ് നില്‍ക്കുകയാണ്. മുട്ടത്തേക്കും തൊടുപുഴ ഭാഗത്തേക്കും വരേണ്ട വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ബസ്സ് കാത്തു നില്‍ക്കുന്നത് ഈ വൈദ്യുതി പോസ്റ്റിന് ചുവട്ടിലാണ്. അപകടം സംഭവിക്കുന്നതിന് മുമ്പായി വൈദ്യുതി പോസ്റ്റ് നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















