അഞ്ചാലുംമൂട്: പനയം വടക്ക് റയില്‍വേസ്റ്റേഷന്‍ റോഡില്‍ വെളളംകെട്ടികിടന്ന് റോഡില്‍ കുഴികള്‍ രൂപപ്പെട്ടതുമൂലം ഇതുവഴിയുളള യാത്ര അപകടം നിറഞ്ഞതാകുന്നു.
ചെമ്മക്കാട്എസ് കെ വി യു പിഎസിന് സമീപത്ത് കൂടി ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. പെരുമണ്‍ ചിറ്റയം, തെക്കെവീട്ടില്‍മുക്ക് നിവാസികള്‍ക്ക് കുണ്ടറ ഭാഗത്തേക്ക് പോകുന്നതിനുളള എളുപ്പമാര്‍ഗമാണ് ഈ റോഡ്. മഴ പെയ്തതുമൂലം കായല്‍വാരത്ത് ഹോസ്പിറ്റലിന് സമീപമുളള റോഡില്‍ കുഴികള്‍ രൂപപ്പെടുകയും, വെളളം കെട്ടികിടക്കുകയും ചെയ്യുന്നതുമൂലം നിരവധി ടൂവീലര്‍, സൈക്കിള്‍ യാത്രക്കാരാണ് കുഴികളില്‍പ്പെട്ട് വാഹനം മറിഞ്ഞ് അപകടത്തില്‍പ്പെടുന്നത്.
കാല്‍നടയാത്രക്കാര്‍ ഇവീടെ തെന്നിവീഴുന്നതും നിത്യസംഭവമാണ്. കുറച്ചുമാസങ്ങള്‍ക്കു മുമ്പ് ഈ റോഡിന്റെ 10 മീറ്റര്‍ അപ്പുറത്ത് അഗാധമായ കുഴിയും രൂപപ്പെട്ടിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ റോഡ് ടാര്‍ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നു. എന്നാല്‍ അതിനുശേഷം കായല്‍വാരത്ത് ഹോസ്പിറ്റലിനു സമീപം ഇരുവശങ്ങളിലും മതിലുകള്‍ ഉളളതിനാലും, ഓടയില്ലാത്തതിനാലും വെളളം ഒഴുകിപ്പോകുന്നത് അസാധ്യമാണ്. പെരുമണ്‍ എന്‍ജിനീയറിംഗ് കോളേജിലേക്കുളള വാഹനങ്ങളും, പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുളള വിദ്യാര്‍ത്ഥികള്‍ ടൂവീലറുകളില്‍ യാത്രചെയ്യുന്നതും ഇതുവഴിയാണ്. ദൂരെ നിന്നും വരുന്ന യാത്രക്കാര്‍ക്ക് വെളളം കെട്ടികിടക്കുന്നത് മൂലം റോഡിലെ കുഴികള്‍ അറിയാന്‍ കഴിയാത്തതുമൂലം യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമാണ്.
ഇതിന് തൊട്ടടുത്തായിട്ടാണ് ് സ്‌കൂളുകളും, പെരിനാട് റയില്‍വേസ്റ്റേഷനും സ്ഥിതിചെയ്യുന്നത്. മഴപെയ്ത് ദിവസങ്ങളായി വെളളംകെട്ടികിടക്കുന്നതുമൂലം ഇതുവഴിയുളള യാത്ര വളരെ അപകടം നിറഞ്ഞതും,
ബുദ്ധിമുട്ടുളളതുമായി മാറിയിരിക്കുകയാണ്. ഇവിടെ വെളളം കെട്ടികിടക്കുന്നത് തടയുന്നതിനും, വേണ്ട പരിഹാരങ്ങള്‍ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഇതുവഴിയുളള യാത്ര സുഗമമാക്കാന്‍ ഈ ഭാഗത്തു ഓടകള്‍ നിര്‍മ്മിച്ച് റോഡ് ടാര്‍ചെയ്യുന്നതിനുളള നടപടികള്‍ എത്രയും പെട്ടെന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്ന് കേരള പ്രതികരണവേദി സംസ്ഥാന വൈസ് പ്രസിഡന്റ് കടപ്പായില്‍ ഡോ:കെ.വി.ഷാജി ആവിശ്യപ്പെട്ടു.
റോഡപകടങ്ങള്‍ ഇല്ലാതാക്കുന്നതിനും,യാത്രക്കാരുടെ ജീവനും,സ്വത്തും സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ചും ദിനംപ്രതി ബോധവത്കരണക്ലാസ്സ് നടത്തുന്ന ഉദ്യോഗസ്ഥര്‍ റോഡുകളുടെ ഇത്തരം അവസ്ഥകള്‍ക്കുനേരെ കണ്ണടക്കുകയാണ്.പൊതുമരാമത്ത് മന്ത്രിക്ക് പരാതിനല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
















