തൃശൂര്‍: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാപഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. തരിശുരഹിത ജില്ല പദ്ധതിക്കും വിഷരഹിത പച്ചക്കറി ജില്ല പദ്ധതിയും നടപ്പാക്കും. കാര്‍ഷിക വികസനത്തിന് ആവശ്യമായ വിവരശേഖരണം നടത്തും. കൃഷി അനുബന്ധ മേഖലയിലേക്ക് 14.95 കോടി രൂപയും പട്ടികജാതി വിഭാഗത്തില്‍ 9.77 കോടി രൂപയും പട്ടികവര്‍ഗ വിഭാഗത്തില്‍ 20.16ലക്ഷം രൂപയും അടക്കം 25 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.രാധാകൃഷ്ണന് അവതരിപ്പിച്ച ബജറ്റില്‍ രണ്ടര കോടി രൂപ മിച്ചം പ്രതീക്ഷിക്കുന്നു. മൊത്തം 216.66 കോടി രൂപ വരവും 214.16 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന്റെ വരവിനത്തില്‍ കഴിഞ്ഞ വര്‍ഷം ചെലവാക്കാത്ത കോടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ല സ്ഥാപിതമായതിന്റെ വാര്‍ഷികദിനത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച പ്രസിഡണ്ട് ഷീല വിജയകുമാര്‍ പറഞ്ഞു.ജില്ലാ ആശുപത്രി നവീകരിക്കാന്‍ രണ്ടുകോടി രൂപ, എല്ലാ മാസവും കാന്‍സര്‍ നിര്‍ണയ ക്ലിനിക് നടത്താനും വയോജന പരിരക്ഷാ ക്ലിനിക്കിനും സ്ത്രീ ആരോഗ്യ സുരക്ഷാപദ്ധതിക്കും 50 ലക്ഷം രൂപ വീതവും ചെലവാക്കും.
ആരോഗ്യ മേഖലയില്‍ 3.75കോടി രൂപയാണു ചെലവാക്കുക. ഭിന്നശേഷിക്കാരായവര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്യാന്‍ സ്നേഹസ്പര്‍ശം പദ്ധതിക്ക് രണ്ടുകോടി രൂപ നീക്കിവച്ചിട്ടുണ്ട്.ജലസ്രോതസ്സുകളെ സംരക്ഷിക്കാന്‍ 25 കോടി രൂപ ചെലവാക്കും. സ്ത്രീശാക്തീകരണ പദ്ധതികള്‍ക്ക് ആറുകോടി രൂപയും ഗ്രാമീണ ഐടി പാര്‍ക്കുകള്‍, ജോബ് ഫെസ്റ്റ് അടക്കം യുവജനക്ഷേമ പദ്ധതികള്‍ക്കായി 5.80കോടി രൂപയും ചെലവാക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് ഒമ്പതുകോടി രൂപയും ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ക്കായി അഞ്ചുകോടി രൂപയും നീക്കിവെച്ചു. ജില്ലാപഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സൗരോര്‍ജ്ജത്തിലൂടെ ഉത്പാദിപ്പിക്കുന്നതടക്കമുള്ള പദ്ധതികള്‍ക്കായി 25കോടി രൂപ ചെലവാക്കും. അമ്പതു സെന്റ് സ്വന്തമായുള്ള പഞ്ചായത്തുകള്‍ക്ക് ആധുനിക ഗ്യാസ് ക്രമിറ്റോറിയം നിര്‍മിക്കാന്‍ 25 കോടി രൂപ വകയിരുത്തി.
തെങ്ങിന്‍തൈ വിതരണത്തിനും നീര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും അഞ്ചുകോടി രൂപയും പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ 25ലക്ഷം രൂപയും നീക്കിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: