പിറവം: ”ഞങ്ങള്‍ക്ക് പഠിക്കണം, അന്തിയുറങ്ങാന്‍ ഒരു വീടും വേണം”. തിരുവാണിയൂര്‍ വെങ്കിട ഏഴാംവാര്‍ഡിലെ മണിയുടേയും ബിന്ദുവിന്റേയും മക്കളായ വിഷ്ണുമായയും വിവേകും പറയുന്നു. മദ്യപാനിയായ അച്ഛന്‍ മണി ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യ ബിന്ദുവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച കേസില്‍ ജയിലായിരുന്നു. തെളിവില്ലെന്ന കാരണത്താല്‍ വെറുതെ വിട്ട മണി ഇപ്പോള്‍ കുട്ടികളെ അന്വേഷിക്കാറില്ല. ഒന്നര സെന്റ് പുറമ്പോക്കിലാണ് അടച്ചുറപ്പില്ലാത്ത ഒരു ഷെഡില്‍ മണിയുടെ അച്ഛന്‍ കുഞ്ഞപ്പനും(63) അമ്മ തങ്കമണിയും(59) കുട്ടികളും താമസിക്കുന്നത്.
മൂവാറ്റുപുഴ കീഴില്ലം സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ എസ്എസ്എല്‍സിക്ക് എഴുപത് ശതമാനം മാര്‍ക്കോടെയാണ് വിഷ്ണുമായ വിജയിച്ചത്. തുടര്‍ന്ന് പഠിക്കുന്നതിന് കുട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും വീട്ടിലെ ദാരിദ്രം തടസ്സം നില്‍ക്കുകയാണ്. സ്‌കൂളില്‍ പോയി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനുള്ള പൈസപോലും ഈ സാധു കുടുംബത്തിനില്ല.
തിരുവാണിയൂര്‍ സെന്റ് ഫിലോമിന സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന വിവേകിന് അവിടെനിന്ന് ഭക്ഷണവും മറ്റ് സൗകര്യങ്ങളും കിട്ടുന്നത് കൊണ്ട് സ്‌കൂളില്‍ പോകുന്നുണ്ട്. കരിങ്കല്‍ പണിക്കാരനായ കുഞ്ഞപ്പന്റെ കണ്ണില്‍ കരിങ്കല്‍ ചീള് കൊണ്ട് ഇടത് കണ്ണിന്റെ കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടിരിക്കുന്നു. തങ്കമണിക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് കിട്ടുന്ന വരുമാനം മാത്രമാണ് ഈ നാലംഗ കുടുംബത്തിന്റെ ഏക ആശ്രയം.
ചോര്‍ന്ന് ഒലിക്കുന്ന അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ ദാരിദ്രവും പട്ടിണിയുമാണ് ദിവസവും. പെണ്‍കുട്ടിയെ തനിച്ചാക്കിയിട്ട് തങ്കമണിക്ക് കൂലിപ്പണിക്ക് പോലും കഴിയാത്ത അവസ്ഥയാണിപ്പോള്‍. ഒന്നര സെന്റ് പുറമ്പോക്ക് ഭൂമിയ്‌ക്ക് ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല. ഭൂമിയും വീടും വരുമാനവുമില്ലെങ്കിലും റേഷന്‍കാര്‍ഡ് എപിഎല്‍ വിഭാഗത്തിലാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വീടിനായി പലതവണ ഗ്രാമസഭയില്‍ പറയുകയും എഴുതി കൊടുക്കുകയും ചെയ്തതാണ്. പെരുമ്പാവൂരില്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിച്ച ജിഷയുടെ കുടുംബത്തെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നു. എങ്കിലും ഇത്തരക്കാരോട് അധികൃതര്‍ അവഗണന തുടരുകയാണ്.
















