നമുക്കോരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഏതെങ്കിലും ഒരു കര്‍മ്മമെങ്കിലും ഉണ്ടാവും. ഒന്നിലധികമില്ലെങ്കില്‍ത്തന്നെ. ആ കര്‍മ്മത്തിലൂടെ നമുക്ക് എങ്ങനെ മുന്നോട്ട് പോകാം എന്ന് ആദ്ധ്യാത്മിക ഗുരുക്കന്മാര്‍ കാണിച്ചുതരുന്നുണ്ട്.
നമുക്ക് ചെയ്യാന്‍ പറ്റുന്ന കര്‍മ്മമെന്താണെന്ന് കണ്ടെത്തി അത് യഥാവിധി ചെയ്താല്‍ പുരോഗതി സുനിശ്ചിതമാണ്. അടുക്കളയില്‍ പാകംചെയ്യുന്നത് മുതല്‍ ഭരണസാരഥ്യം വഹിക്കുന്നത് വരെ; ശുചീകരണ കര്‍മ്മം മുതല്‍ യുദ്ധം നയിക്കുന്നത് വരെ എന്തെല്ലാംതരത്തിലുള്ള കര്‍മ്മങ്ങളുണ്ട്.
സംഗീതം, ചിത്രരചന, നൃത്തം, അഭിനയം കായികവിനോദം കെട്ടിടനിര്‍മ്മാണം, അദ്ധ്യാപനം, പ്രസംഗം, എഴുത്ത്, സംഘാടകത്വം, ആതുരശുശ്രൂഷ, കാലിവളര്‍ത്തല്‍ തുടങ്ങി നിരവധി കര്‍മ്മങ്ങളില്‍ ഒന്നിലെങ്കിലും നമുക്ക് അഭിരുചിയോ വാസനയോ ഉണ്ടാവാതെ വരില്ല. ആ പ്രവൃത്തിയില്‍ ആത്മാര്‍ത്ഥതയോടെ ഏര്‍പ്പെട്ട് അതില്‍ പ്രാവീണ്യം നേടിയെടുക്കാന്‍ നമുക്ക് കഴിയണം.
നമ്മുടെ കര്‍മ്മമേതാണെങ്കിലും അത് നമ്മേ മുന്നോട്ട് നയിക്കണമെങ്കില്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കര്‍മ്മത്തിന് പൂര്‍ണതനല്‍കുന്ന ഘടകങ്ങളെകുറിച്ച് ഉപനിഷത്തുകള്‍ പറയുന്നത് ഇതാണ്; ‘യാതൊന്നാണോ ശ്രദ്ധയോടെയും അറിവോടെയും ധ്യാന പൂര്‍വകമായും ചെയ്യപ്പെടുന്നത് അതാണ് ഏറ്റവും സമര്‍ത്ഥമായ കര്‍മ്മം.’
















