ഏറ്റുമാനൂര്‍: എംസി റോഡില്‍ പട്ടിത്താനം വരെ കെഎസ്ടിപി റോഡുനിര്‍മാണം ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധം. സെന്‍ട്രല്‍ ജംക്ഷനിലും ഏറുമാനൂര്‍ ക്ഷേത്രത്തിന് മുന്‍വശത്തും ഇതുമൂലം വന്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഏറ്റുമാനൂരപ്പന്‍ ബസ് ബേയ്‌ക്കു മുന്‍വശം കൃത്യമായ പ്ലാനിംഗ് ഇല്ലാതെ നിരവധി തവണ റോഡ് പൊക്കിയും താഴ്‌ത്തിയും നിര്‍മ്മാണം ഇഴയാന്‍ ഇടയാക്കി. നിര്‍മാണം ഇഴഞ്ഞുപോകുന്നതില്‍ ബിജെപി ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കമ്മറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ ഒരു മാസത്തിലധികമായി റോഡുനിര്‍മ്മാണം മൂലം വാട്ടര്‍ അതോറിറ്റി യുടെ പൈപ്പ് പെട്ടിയത് നന്നാക്കാനാകുന്നില്ല. ഇതു മൂലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലുള്ള ശൗചാലയത്തില്‍ വെള്ളം കിട്ടാത്തതു കൊണ്ട് അടച്ചിട്ടിരിക്കുകയാണ്. റോഡ്പണി കഴിയാതെ പൊട്ടിയ പൈപ്പുകള്‍ നന്നാക്കാന്‍ സാധിക്കുകയില്ലന്നാണ് വാട്ടര്‍ അതോറിട്ടിയുടെ നിലപാട്. കെഎസ്ടിപി യുടെയും വാട്ടര്‍ അതോറിട്ടിയുടെയും ഏകോപനമില്ലായ്‌മ കാരണം ഏറ്റുമാനൂര്‍ ടൗണില്‍ ജലവിതരണം പാടെ നിലച്ചിരിക്കുകയാണ്. അതിനാല്‍ ബന്ധപ്പെട്ട അധികാരികള്‍ നിസംഗത വെടിഞ്ഞ് റോഡ് നിര്‍മ്മാണം വേഗം പൂര്‍ത്തിയാക്കുകയും ജലവിതരണം പുനഃസ്ഥാപിക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.
















