കൊല്ലം: മാലിന്യം നീക്കാന്‍ നടപടിയില്ലാതെ കോര്‍പറേഷന്‍. മാലിന്യം കുന്നുകൂടി മിക്കസ്ഥലങ്ങളിലും പ്രാണികളുടെയും ഈച്ചകളുടെയും തെരുവ്‌നായ്‌ക്കളുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്. മഴയില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യം അഴുകി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. കോര്‍പറേഷനില്‍ മാലിന്യനിര്‍മാര്‍ജനത്തിന് മാര്‍ഗമൊന്നും നാളിതുവരെ തുടങ്ങിയിട്ടില്ല. നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്രദേശമായ കുരീപ്പുഴയില്‍, പ്രദേശവാസികളുടെ എതിര്‍പ്പ് കാരണം മാലിന്യം തള്ളുന്നത് കോര്‍പറേഷന്‍ നിര്‍ത്തുകയായിരുന്നു. എന്നാല്‍ ബദല്‍ സംവിധാനം ഒന്നും ഉണ്ടാക്കിയതുമില്ല. കച്ചവടം നടത്തുന്നവരോട് അവരവരുടെ കടകളില്‍ നിന്നും പുറംതള്ളുന്ന മാലിന്യം അവരവര്‍ തന്നെ സംസ്‌കരിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. പക്ഷെ അതെങ്ങിനെയെന്ന് വ്യക്തമാക്കാന്‍ നഗരസഭക്കും കഴിഞ്ഞിട്ടില്ല. നഗരത്തിലെയും മറ്റും വ്യാപാരസ്ഥാപനങ്ങളില്‍ പലതും രാത്രികാലത്ത് മാലിന്യം കൊണ്ടുതള്ളുകയാണ്. പച്ചക്കറി മാലിന്യങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും വരെ ഇങ്ങനെ തള്ളപ്പെടുന്നു. ഇവ അവിടെക്കിടന്നു അഴുകി പരിസരം മലീമസമാകുന്നു.
കിളികൊല്ലൂര്‍ സോണല്‍ ഓഫീസിന് സമീപവും കരിക്കോട് മേല്‍പാലത്തിന് സമീപവും മാലിന്യം കുന്നുകൂടി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കരിക്കോട് മേല്‍പാലത്തിലെ മാലിന്യം റെയില്‍വെ സ്ഥലത്തായതിനാല്‍ കോര്‍പറേഷന്‍ കണ്ണടക്കുകയാണ്. മഴക്കാലവും സ്‌കൂള്‍ തുറക്കലുമായപ്പോള്‍ വന്‍ആരോഗ്യപ്രശ്‌നമാണ് ഉണ്ടാകുന്നത്. കോര്‍പറേഷന്‍ പരിധിയിലെ മാലിന്യപ്രശ്‌നത്തിന് അധികൃതര്‍ പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും ഒന്നും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയിലെ വിവിധ ഓഡിറ്റോറിയങ്ങളിലും മറ്റും നടക്കുന്ന വിവാഹങ്ങളുടെയും അതുപോലുള്ള പരിപാടികളുടെയും അവശിഷ്ടങ്ങള്‍ അഷ്ടമുടിക്കായലിലും തോടുകളിലും തള്ളുന്നതായി പരാതിയുണ്ട്. ഇതുകൂടാതെ ഇരുളിന്റെ മറവില്‍ അറവു മാലിന്യങ്ങളും തള്ളപ്പെടുന്നു. പ്രശ്‌നപരിഹാരത്തിന് ഇരുട്ടില്‍ തപ്പുന്ന കോര്‍പറേഷന്‍ ഇതൊക്കെയും കണ്ടില്ലെന്നു നടിക്കുകയാണ്. .
















