ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലെ കക്കൂസ് ടാങ്കിലേക്കുള്ള കുഴല്‍പൊട്ടി മാലിന്യം പൊതുനിരത്തിലേക്ക് ഒഴുകുന്നു. മോര്‍ച്ചറിയുടെ എതിര്‍വശത്തായുള്ള ഐപി ബ്ലോക്കിലെ മാലിന്യപൈപ്പാണ് പൊട്ടിയത്. ഇവിടെ നിന്നും അസഹ്യമായ ദുര്‍ഗന്ധം പരിസരമാകെ പരക്കുന്നതിനാല്‍ ആശുപത്രി വളപ്പിലൂടെ മൂക്കുപൊത്തിയാണ് ആളുകള്‍ കടന്നുപോകുന്നത്. കനത്ത മഴയില്‍ ഈ മാലിന്യം പരന്നൊഴുകി പൊതുനിരത്തിലെത്തുന്നതായി വ്യാപാരികള്‍ക്ക് പരാതിയുണ്ട്.
ഐപി ബ്ലോക്കില്‍ നിന്നും വിസര്‍ജ്ജ്യം ഒഴുകിയെത്തുന്നപൈപ്പ് ആശുപത്രി കവാടത്തിന് സമീപമുള്ള ടാങ്കിലാണ് എത്തുന്നത്. ടാങ്കിന് സമീപത്തായാണ് കുഴലിലെ ജോയിന്റ് വിട്ടകന്ന് മാലിന്യം പുറത്തേക്ക് ഒലിച്ചിറങ്ങുന്നത്. ഈ ടാങ്കിന്റെ മൂടികള്‍ ഇളകി കിടക്കുന്നതുമൂലം ടാങ്കില്‍നിന്നുള്ള ദുര്‍ഗന്ധം പുറത്തേക്ക് വമിക്കുന്നുണ്ട്. പ്രദേശത്ത് കൊതുകുശല്യവും രൂക്ഷമാണ്. ടാങ്കിന് സമീപത്തായി മറ്റ് മാലിന്യങ്ങളും കൂട്ടിയിട്ടിട്ടുണ്ട്.
ആശുപത്രി വളപ്പിലൂടെ പരന്നൊഴുകുന്ന മാലിന്യം കലര്‍ന്ന വെള്ളത്തില്‍ ചവിട്ടുന്ന കാല്‍നട യാത്രക്കാര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി പരാതിയുണ്ട്. ഈ മാലിന്യം ഒഴുകിയെത്തുന്നതാകട്ടെ വളപ്പിന് പുറത്ത് പ്രവര്‍ത്തിക്കുന്ന താത്ക്കാലിക ഭക്ഷശാലകളിലേക്കാണ്. മാരക രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്ന വാര്‍ഡുകളിലെ മലമൂത്ര വിസര്‍ജ്ജ്യങ്ങളാണ് പൊതുനിരത്തിലേക്ക് ഒഴുകുന്നത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന ഈ സമയത്ത് ഈ മാലിന്യത്തില്‍നിന്നും രോഗം പടരാന്‍ ഇടയാക്കുമെന്നും ആശുപത്രിയില്‍ എത്തുന്ന ആളുകള്‍ക്ക് ആശങ്കയുണ്ട്.
ഈ കക്കൂസ് ടാങ്കില്‍നിന്നും മീറ്ററുകള്‍പോലും അകലമില്ലാതെയാണ് ആശുപത്രിവളപ്പിലെ മില്‍മാബൂത്ത് പ്രവര്‍ത്തിക്കുന്നത്. രോഗികളും കൂട്ടിരിപ്പുകാരും നാട്ടുകാരുമുള്‍പ്പെടെ ധാരാളം ആളുകള്‍ ലഘുഭക്ഷണത്തിനും ചായ, കാപ്പി മുതലായ പാനീയങ്ങള്‍ക്കും ആശ്രയിക്കുന്നത് ഈ ബൂത്തിനെയാണ്. അസഹ്യമായ ദുര്‍ഗന്ധംമൂലം മൂക്കുപൊത്താതെ ഇതിന്റൈ പരിസരത്തുനില്‍ക്കുവാനോ വഴിനടക്കുവാനോ സാധിക്കാത്ത അവസ്ഥയാണ്.
ജലജന്യ രോഗങ്ങളും കൊതുകുപരത്തുന്ന ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ക്കും ചികിത്സതേടി എത്തുന്നവര്‍ക്കും. കിടപ്പുരോഗികള്‍ക്കും ഇതുമൂലം മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ചവ്യാധികളും പിടിപെടാനുള്ള സാധ്യതയേറുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയും ശുചീകരണ തൊഴിലാളികളുടെ നിസംഗതയുമാണ് ഇതിന് കാരണം. ആശുപത്രി പരിസരം വൃത്തിയാക്കണമെന്നും മാലിന്യപൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി ചെയ്ത് ഇതിന് ശാശ്വതമായ പരിഹാരം കാണണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.
















