കാസര്‍കോട്: ചെമ്മനാട് പഞ്ചായത്ത് കോളിയടുക്കത്ത് നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റെ ശൗചാലയങ്ങള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറി. പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന കോംപൗണ്ടിനടുത്ത് തന്നെയുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സില്‍ നിയമസഭയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിനാണ് ഈ ദുരവസ്ഥ. പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് ലക്ഷങ്ങള്‍ മുടക്കി കെട്ടിടം നിര്‍മ്മിച്ചത്. ഓഡിറ്റോറിയത്തിലെത്തുന്ന വിശിഷ്ടാതിഥികള്‍ക്കും, പൊതു ജനങ്ങള്‍ക്കുമായി ഉപയോഗിക്കാനായി നിര്‍മ്മിച്ച ശൗചാലങ്ങളെല്ലാം തന്നെ മദ്യ കുപ്പികളും, പഴം തുണികളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ശൗചാലയങ്ങളെല്ലാം വൃത്തിയാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മണ്ണും ചളിയും കെട്ടി കിടക്കുന്ന ശൗചാലങ്ങളില്‍ നിന്ന് ദുര്‍ഗ്ഗന്ധം വമിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
മുകളിലത്തെ നിലയില്‍ സ്റ്റേജിനടുത്തായി വിശിഷ്ടാത്ഥികള്‍ക്ക് വിശ്രമിക്കാനായി പണിതിരിക്കുന്ന മുറിയിലെ ശൗചാലയങ്ങളില്‍ പൊട്ടിയ ഫാനിന്റെ ഭാഗങ്ങളും, ഉപയോഗ ശുന്യമായ കസേരകളും, മദ്യ കുപ്പികളും, കല്ലും തുടങ്ങി മാലിന്യങ്ങളുടെ കൂമ്പാരം തന്നെയുണ്ട്. താഴത്തെ നിലയിലുള്ള ശൗചാലയങ്ങളാകട്ടെ മാലിന്യങ്ങളാല്‍ കയറാന്‍ തന്നെ പറ്റാത്ത സ്ഥിതിയിലാണ്.
സ്റ്റേജിന്റെ മുകളിലത്തെ താല്‍ക്കാലിക റൂഫ് തകര്‍ന്ന് പൊടിയും മാറാലകളും മറ്റും ആളുകളുടെ ദേഹത്ത് വീഴുക പതിവാണ്. മുകളിലത്തെ നിലയിലെ വരാന്തയാകട്ടെ മഴവെള്ളം കെട്ടി കിടന്ന് കൊതുക് വളര്‍ത്ത് കേന്ദ്രമായി പരിണമിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച ഓഡിറ്റോറിയം കൃത്യമായ സംരക്ഷണമില്ലാതെ നശിക്കുകയാണ്. ഓഡിറ്റോറിത്തിന്റെ ഭക്ഷണ ശാല വൃത്തി ഹീനമായിരിക്കുകയാണ്. ഭക്ഷണ ശാലയുടെ ചുറ്റും കാടു കയറി, വെള്ളം കെട്ടി കിടന്ന് ദുര്‍ഗ്ഗന്ധം വമിക്കുകയാണ്. മാലിന്യങ്ങള്‍ നിറഞ്ഞ ചളികുളമായ വഴിയിലൂടെ വേണം ആളുകള്‍ക്ക് ഭക്ഷണ ശാലയിലെത്താന്. നല്ല നിലയില്‍ നടത്തി കൊണ്ട് പോയാല്‍ വലിയ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന ഓഡിറ്റോറിയമാണ് പഞ്ചായത്ത് അധികാരികള്‍ നശിപ്പിച്ച് കളയുന്നത്. ശൗചാലയങ്ങള്‍ ഉപയോഗ ശൂന്യമാണെങ്കിലും ഓഡിറ്റോറിയം വാടകയ്ക്ക് നല്കി പഞ്ചായത്ത് ഇന്നും വരുമാനം ഉണ്ടാക്കുന്നുണ്ട്. കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ ലക്ഷങ്ങളുടെ വരുമാന നഷ്ടമാണുണ്ടാകുന്നത്. ചെറിയ വാടകമാത്രം ഇടാക്കുന്നതിനാല് പരിപാടികളും കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകളും നടത്താന്‍ സൗകര്യമുള്ള ഓഡിറ്റോറിയത്തിന്റെ ശൗചാലയത്തിന്റെ ശോചനീയവസ്ഥയും മറ്റും കാരണം ആളുകള്‍ ഉപയോഗിക്കാന്‍ തയ്യാറാകുന്നില്ല.രാത്രി കാലമായാല്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമായി ഓഡിറ്റോറിയം മാറിയിരിക്കുകയാണ്. കഞ്ചാവും മദ്യവും ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും രാത്രികാലങ്ങളില്‍ ഇവിടെ നടക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. പാതയോരത്ത് തന്നെ സ്ഥിതി ചെയ്യുന്ന ജനങ്ങള്‍ക്ക് വളരെയേറെ ഉപകാരപ്രദമായ ഓഡിറ്റോറിയമാണ് അധികാരികളുടെ അനാസ്ഥ കൊണ്ട് നാശോന്മുഖമായി കൊണ്ടിരിക്കുന്നത്.
ഓഡിറ്റോറിയത്തിന്റെ ശൗചാലയം മാലിന്യം നിക്ഷേപിച്ച് ഉപയോഗശൂന്യമായ നിലയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: