ന്യൂജേഴ്സി: ഫൈല്‍ ഭൂതം മെസിയെയും ടീമിനെയും ഇത്തവണയും വിട്ടൊഴിഞ്ഞില്ല. ഇന്നലെ നടന്ന കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ട അര്‍ജന്റീന വീണ്ടും ചിലിക്ക് മുന്നില്‍ കീഴടങ്ങി. തുടര്‍ച്ചയായ മൂന്നാം മേജര്‍ ഫൈനലിലാണ് അര്‍ജന്റീനയ്ക്ക് കലാശക്കളിയില്‍ കാലിറടുന്നത്. ഒമ്പത് വര്‍ഷത്തിനിടെ നാലാമത്തേതും.
ചിലിക്കെതിരായ ഫൈനലില്‍ നിശ്ചിതസമയത്തും അധിക സമയത്തും പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ട് 4-2 ന് സ്വന്തമാക്കി ചിലി കിരീടവുമായി മടങ്ങി.
നായകന് മെസി പെനാല്‍റ്റി കിക്ക് പാഴാക്കി അര്‍ജന്റീനയുടെ ദുരന്ത നായകനുമായി. ബ്രസീലിനു ശേഷം കോപ്പ അമേരിക്കയില്‍ കിരീടം നിലനിര്‍ത്തുന്ന രാജ്യമാണ് ചിലി. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിയോട് 1-0നും, കഴിഞ്ഞ കോപ്പ അമേരിക്കയിലും പിന്നീട് ഇതാ ഇത്തവണ ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിലും ചിലിയോടും. കോപ്പയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഷൂട്ടൗട്ടിലാണ് അര്‍ജന്റീന വീണത്.
ഷൂട്ടൗട്ടില്‍ ചിലിക്കായി കാസ്റ്റില്ലോ മോറ, ചാള്‍സ് അരാന്‍ഗ്യുസ്, ബെസ്യൂജോര്, ഫ്രാന്‍സിസ്കോ സില്‍വ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ആദ്യ കിക്കെടുത്ത അര്‍ടുറോ വിദാലിന്റെ കിക്ക് അര്‍ജന്റീന ഗോളി സെര്‍ജിയോ റൊമേരോ പറന്ന് രക്ഷപ്പെടുത്തി. അര്‍ജന്റീനക്ക് വേണ്ടി ജാവിയര്‍ മഷ്റാനോ, സെര്‍ജിയോ അഗ്യൂറോ എന്നിവര്‍ മാത്രമാണ് ലക്ഷ്യം കണ്ടത്. ഷൂട്ടൗട്ടില്‍ മെസ്സിയുടെ ആദ്യ കിക്ക് ആകാശംമുട്ടെ പറന്നപ്പോള്‍ തന്നെ അര്‍ജന്റീനയുടെ വിധി എഴുതപ്പെട്ടു. പിന്നീട് നാലാം കിക്കെടുത്ത ബിഗ്ലിയയുടെ ഷോട്ട് ചിലി ഗോളി ക്ലോഡിയോ ബ്രാവോ പറന്ന് രക്ഷപ്പെടുത്തിയതോടെ മെസ്സിയുടെ ദുരന്തകഥ പൂര്‍ണ്ണം.
ഇതോടെ 23 വര്‍ഷങ്ങള്‍ക്കുശേഷം ഒരു കിരീടമെന്ന സ്വപ്നവുമായി ഫൈനലില്‍ പന്തുതട്ടാനിറങ്ങിയ മെസ്സിക്കും കൂട്ടര്‍ക്കും കണ്ണീരോടെ മടങ്ങേണ്ടി വന്നു. ഒപ്പം കിരീടമില്ലാത്ത കാല്‍പ്പന്തുകളിയുടെ രാജകുമാരനെന്ന പേരുദോഷം മെസ്സിയെ വിട്ടൊഴിഞ്ഞതുമില്ല. ഇനിയൊരു കിരീടം മെസ്സിയെ തേടിയെത്തുകയുമില്ല. ഫൈനലിലെ പരാജയത്തോടൊപ്പം മെസ്സി എന്ന രാജകുമാരന് അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറയുകയും ചെയ്തു.
മോശം റഫറിയിങ്ങും പരുക്കന്‍ അടവുകളും ധാരാളം കണ്ട പോരാട്ടം ഒരിക്കലും മികച്ച നിലവാരത്തിലേക്കുയര്‍ന്നില്ല. കാര്‍ഡുകളുടെ അതിപ്രസരമായിരുന്നു ഫൈനലില്‍. ഒമ്പത് തവണ മഞ്ഞക്കാര്‍ഡുകളും രണ്ട് ചുവപ്പുകാര്‍ഡുമാണ് ബ്രസീലിയന്‍ റഫറി ഹെബര്‍ ലോപ്പസ് പുറത്തെടുത്തത്. 16, 28 മിനിറ്റുകളില്‍ രണ്ട് തവണ മഞ്ഞക്കാര്‍ഡ് കണ്ട് ചിലിയുടെ മാഴ്സലോ ഡയസും 43-ാം മിനിറ്റില്‍ നേരിട്ട് ചുവപ്പുകാര്‍ഡ് ലഭിച്ച അര്‍ജന്റീനയുടെ മാര്‍ക്കോസ് റോജയും പുറത്തുപോയതോടെ ഇരുടീമുകളും പത്തുപേരായി ചുരുങ്ങി.
പന്തടക്കത്തില്‍ ചിലിക്കായിരുന്നു നേരിയ മുന്‍തൂക്കമെങ്കിലും ഷോട്ടുകള്‍ പായിക്കുന്നതില്‍ അവര്‍ പിന്നിലായി. മെസിയെയും ഡി മരിയയെയും ചിലി പ്രതിരോധം പൂട്ടിയിടുകകൂടി ചെയ്തതോടെ അര്‍ജന്റീനയുടെ മുന്നേറ്റത്തിന് വേണ്ടത്ര കരുത്തുകിട്ടിയില്ല. പോരാട്ടത്തില്‍ ഇരുടീമുകളും കൂടി ആകെ തുറന്നെടുത്തത് മൂന്നോ നാലോ തവണമാത്രം. കളി തുടങ്ങി 19-ാം സെക്കന്റില്‍ തന്നെ 25 വാര അകലെനിന്ന് ബനേഗ പായിച്ച ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തുപോയി. 23-ാം മിനിറ്റില്‍ മത്സരത്തിലെ ഏറ്റവും മികച്ച അവസരം അര്‍ജന്റീനയുടെ ഗൊണ്‍സാലോ ഹിഗ്വയിന്. ചിലിയന്‍ താരത്തിന്റെ ബാക്ക് പാസ് പിടിച്ചെടുത്ത് മുന്നേറിയ ഹിഗ്വയിന് ഗോളി മാത്രം മുന്നില്‍ നില്‍ക്കേ പായിച്ച ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയപ്പോള്‍ തന്നെ ഇത് അര്‍ജന്റീനയുടെ ദിനമല്ലെന്ന് ഉറപ്പിച്ചു.
രണ്ടാം പകുതിയില്‍ പ്രതിരോധത്തിലൂന്നിയാണ് ഇരു ടീമും കളിച്ചത്. 55-ാം മിനിറ്റില്‍ മറ്റൊരു അവസരം കൂടി ഹിഗ്വയിന് പുറത്തേക്കടിച്ചുകളഞ്ഞു. 57-ാം മിനിറ്റില്‍ ഡി മരിയയെ പിന്‍വലിച്ച് അര്‍ജന്റീന ക്ലോഡിയോ മാത്ത്യാസിനെയും 70-ാം മിനിറ്റില്‍ ഹിഗ്വയിനെ പിന്‍വലിച്ച് അഗ്യൂറോയെയും അര്‍ജന്റീന കളത്തിലെത്തിച്ചു.
തൊട്ടുപിന്നാലെ മെസ്സിയുടെ പാസ് സ്വീകരിച്ച് അഗ്യൂറോ പായിച്ച ഷോട്ടും പുറത്തേക്ക്. 80-ാം മിനിറ്റിലാണ് ആദ്യമായി അര്‍ജന്റീന ഗോളി പരീക്ഷിക്കപ്പെട്ടത്. വര്‍ഗാസ് പായിച്ച ഷോട്ടാണ് സെര്‍ജിയോ റൊമേരോ തട്ടിയകറ്റിയത്. 85-ാം മിനിറ്റില്‍ അഗ്യൂറോ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ലഭിച്ച മറ്റൊരു സുവര്‍ണാവസരവും നഷ്ടമാക്കി. ഇതോടെ കളി അധികസമയത്തേക്ക്.
അധികസമയത്ത് ഇരുടീമുകള്‍ക്കും മികച്ച ചില അവസരങ്ങളാണ് ലഭിച്ചത്. 99-ാം മിനിറ്റില്‍ ആദ്യ അവസരം ലഭിച്ചത് ചിലിക്ക്.
പന്തുമായി കുതിച്ചെത്തി പുച്ച് നല്കിയ തകര്‍പ്പന്‍ ക്രോസില്‍ വര്‍ഗാസിന്റെ കിടിലന്‍ ഹെഡര്‍. പോസ്റ്റിലേക്ക് നീങ്ങിയ പന്ത് അര്‍ജന്റീന ഗോളി റൊമേരോ പറന്നു പിടിച്ചു. രണ്ടു മിനിറ്റിനുള്ളില്‍ അതിലും മികച്ചൊരു അവസരം ലഭിച്ചു അര്‍ജന്റീനയ്ക്ക്. കോര്‍ണറില്‍ നിന്നുവന്ന പന്തില്‍ സെര്‍ജിയോ അഗ്യൂറോയുടെ കിറുകൃത്യം ഹെഡര്‍. ക്രോസ്ബാറിന് തൊട്ടുതാഴേക്കൂടി വലയിലേക്ക് പതിക്കാനൊരുങ്ങിയ പന്തിനെ കുത്തിപ്പുറത്താക്കിയ ക്ലോഡിയോ ബ്രാവോയുടെ പ്രകടനത്തെ അത്യുജ്ജ്വലം എന്നേ വിശേഷിപ്പിക്കാന്‍ പറ്റൂ.
അധികസമയത്തിന്റെ രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വല മാത്രം കുലുങ്ങിയില്ല. ഇതോടെ കളി ഷൂട്ടൗട്ടിലേക്ക്. ഇതിനിടെ ചിലി അലക്സി സാഞ്ചസിനെയും എഡ്വേര്‍ഡോ വര്‍ഗാസിനെയും തിരിച്ചുവിളിച്ച് സില്‍വയെയും കാസ്റ്റിലോയെയും ഇറക്കിയപ്പോള്‍ അര്‍ജന്റീന ബനേഗക്ക് പകരം എറിക് ലമേലയെയും കളത്തിലെത്തിച്ചു. കരുത്തുറ്റ പ്രതിരോധം തീര്‍ത്താണ് ചിലി അര്‍ജന്റീനന്‍ മുന്നേറ്റങ്ങളെ പ്രതിരോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: