അരിസോണ: കോപ്പ അമേരിക്കയിലെ മൂന്നാം സ്ഥാനം കൊളംബിയയ്ക്ക്. ലൂസേഴ്സ് ഫൈനലില്‍ ആതിഥേയരായ യുഎസ്എയെ മടക്കമില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് കൊളംബിയ ശതാബ്ദി ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം സ്ഥാനക്കാരായത്. 31ാം മിനിറ്റില്‍ കാര്‍ലോസ് ബക്ക സ്കോറര്‍.
തുല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ ബക്കയുടെ സ്കോറിങ് മത്സരത്തിന്റെ സവിശേഷത. ജയിംസ് റോഡ്രിഗസില്‍നിന്ന് ഉയര്‍ത്തി ലഭിച്ച പന്ത്, അരിയാസ് നരഞ്ജൊ ഹെഡ് ചെയ്ത് കാര്‍ലോസ് ബക്കയ്ക്കു നല്കി. പ്രതിരോധപ്പൂട്ടിനിടയില്നിന്ന് ബക്ക വലയിലേക്കു തട്ടിയിട്ടപ്പോള്‍ യുഎസ് ഗോളി ടിം ഹൊവാര്‍ഡിന് മറുപടിയുണ്ടായില്ല.
ഗോള്‍ മടക്കാന്‍ യുഎസും ലീഡുയര്‍ത്താന്‍ കൊളംബിയയും ശ്രമിച്ചതോടെ മത്സരം ആവേശകരം. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ പരസ്പരം കൊമ്പുകോര്‍ത്തതിന് യുഎസ് ഡിഫന്‍ഡര്‍ മൈക്കിള്‍ ഒറൊസ്കോയെയും കൊളംബിയന്‍ ഡിഫന്‍ഡര്‍ സാന്റിയാഗോ അരിയാസും ചുവപ്പു കാര്‍ഡ് കണ്ട് മടങ്ങി.
കളിയില്‍ 51 ശതമാനം പന്ത് കൈവശം വച്ച കൊളംബിയയുടെ പാസിങ് കൃത്യത 83 ശതമാനം. യുഎസിന്റെ കൈവശം പന്തിരുന്നത് 49 ശതമാനം. പാസിങ് കൃത്യത 82 ശതമാനം. കൊളംബിയ 13 വട്ടം ഗോള്‍ ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തപ്പോള്‍, യുഎസ് 11 തവണ യുഎസ് വല ലക്ഷ്യം വച്ചു. ലക്ഷ്യത്തിലേക്ക് കൊളംബിയ മൂന്നു തവണയും യുഎസ് രണ്ടുവട്ടവും ഉന്നംവച്ചു. ബക്കയെ ഏക സ്ട്രൈക്കറാക്കി 4-2-3-1 ശൈലിയിലാണ് കൊളംബിയ പന്തു തട്ടിയത്. 4-4-2 ശൈലിയില്‍ ഡെംപ്സിയും വുഡും യുഎസ് മുന്നേറ്റത്തിലിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: