സെന്റ് എറ്റിനെ: പോളണ്ട് യൂറോ 2016ന്റെ ക്വാര്‍ട്ടറില്‍. ചരിത്രത്തിലാദ്യമായാണ് പോളിഷ് പോരാളികള്‍ ടൂര്‍ണമെന്റിന്റെ അവസാന എട്ടില്‍ ഇടംപിടിക്കുന്നത്. അത്യന്തം വാശിയേറിയ പോരാട്ടത്തിന്റെ ഷൂട്ടൗട്ടിനൊടുവില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ 4-5ന് പരാജയപ്പെടുത്തി. നിശ്ചിത സമയത്തും അധികസമയത്തും 1-1ന് സമനില പാലിച്ചതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ സ്വിറ്റ്സര്‍ലന്‍ഡിന് വേണ്ടി ലിച്ച്സ്റ്റൈനര്‍, ഷാക്കിരി, സ്കാര്‍, റോഡ്രിഗസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഷാക്കയുടെ ഷോട്ട് പോളണ്ട് ഗോളി തടുത്തിട്ടു. പോളണ്ടിന് വേണ്ടി ക്യാപ്റ്റന്‍ ലെവന്‍ഡോവ്സ്കി, മിലിക്ക്, കാമില്‍ ഗ്ലിക്ക്, ബ്ലാസ്കോവിസ്കി, െ്രെകക്കോവിയാക്ക് എന്നിവര്‍ ലക്ഷ്യം കണ്ടു.
കളിയുടെ തുടക്കം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ആക്രമണ-പ്രത്യാക്രമണങ്ങള്‍ ഏറെ കണ്ടതോടെ പോരാട്ടം ആവേശകരമായി. പോളണ്ടിനായിരുന്നു സ്വിറ്റ്സര്‍ലന്‍ഡിനേക്കാള്‍ നേരിയ മുന്‍തൂക്കം. എന്നാല്‍ ഇരുടീമുകളും അവസരങ്ങള്‍ ധാരാളം സൃഷ്ടിച്ചെങ്കിലും ഗോള്‍ വിട്ടുനിന്നു. സ്ട്രൈക്കര്‍മാര്‍ പന്ത് പുറത്തേക്ക് അടിച്ചുകളയുന്നതിലാണ് കഴിവു കാണിച്ചത്. ആദ്യപകുതിയില്‍ മാത്രം പോളണ്ട് 13 ഷോട്ടുകളാണ് എതിര് ഗോള്‍ മുഖത്തേക്ക് പായിച്ചത്.
ഇതില്‍ എട്ടെണ്ണം പുറത്തേക്ക് പറന്നപ്പോള്‍ രണ്ടെണ്ണം സ്വിസ് പ്രതിരോധം ബ്ലോക്ക് ചെയ്തു. ലക്ഷ്യത്തിലേക്ക് നീങ്ങിയത് മൂന്നെണ്ണം. അതിലൊന്ന് വലയില്‍. സ്വിറ്റ്സര്‍ലന്‍ഡും വെറുതെയിരുന്നില്ല. അവര്‍ 10 ഷോട്ടുകള്‍ പായിച്ചതില്‍ രണ്ടെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങി. എന്നാല്‍ പോളിഷ് ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. അവരുടെ നാല് ഷോട്ടുകള്‍ പുറത്തേക്ക് പറന്നപ്പോള്‍ നാലെണ്ണം പോളണ്ട് പ്രതിരോധം ബ്ലോക്ക് ചെയ്തു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 39-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യഗോള്‍. ഒരു പ്രത്യാക്രമണത്തിനൊടുവിലായിരുന്നു ഗോള്‍.
ബ്ലാസ്കോവിസ്കിയാണ് ഗോള്‍ നേടിയത്. ഇടതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറിയ ബോക്സില്‍ പ്രവേശിച്ചശേഷം ഗ്രിഗോസ്കി നല്കിയ പാസാണ് പോസ്റ്റിന്റെ ഇടത് സൈഡില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ ബ്ലാസ്കോവിസ്കി തകര്‍പ്പന്‍ ഷോട്ടിലൂടെ സ്വിസ് വല കുലുക്കിയത്. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങളുമായി ഇരുടീമുകളും കളംനിറഞ്ഞെങ്കിലും ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ പോളണ്ടിനും സമനില പാലിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡിനും കഴിഞ്ഞില്ല.
രണ്ടാം പകുതി ആരംഭിച്ച് അധികം കഴിയും മുമ്പ് സ്വിസ് മറ്റൊരു ഗോളില്‍ നിന്ന് രക്ഷപ്പെട്ടു. ബോക്സിന് തൊട്ടുപുറത്തുനിന്ന് ബ്ലാസ്കോവിസ്കി പായിച്ച ഇടംകാലന്‍ ഷോട്ട് മുഴുനീളെ പറന്നാണ് സ്വിസ് ഗോളി സോമര്‍ രക്ഷപ്പെടുത്തിയത്. 58-ാം മിനിറ്റില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സെമാലിക്ക് പകരം എംബൊളോ കളത്തിലെത്തിച്ച് ആക്രണമത്തിന് കരുത്തുകൂട്ടി. 65-ാം മിനിറ്റില്‍ പോളണ്ട് സമനില വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ടു.
ഗോളി ഫാബിയാന്‍സ്കിയുടെ ഉജ്ജ്വല പ്രകടനമാണ് സ്വിറ്റ്സര്‍ലന്റിന്റെ എംബോളക്ക് ഗോള്‍ നിഷേധിച്ചത്. 73-ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി ഫാബിയാന്‍സ്കിയുടെ മിന്നുന്ന പ്രകടനം പോളണ്ടിനെ കാത്തു. ബോക്സിന് പുറത്തുനിന്ന് റിക്കാര്‍ഡോ റോഡ്രിഗസ് എടുത്ത ഫ്രീകിക്ക് പോളിഷ് പ്രതിരോധമതിലിന് മുകളിലൂടെ വലയിലേക്ക് വളഞ്ഞിറങ്ങിയെങ്കിലും ഫാബിയാന്‍സ്കി അതിസാഹസികമായി പറന്ന് കുത്തിയകറ്റി.
72-ാം മിനിറ്റില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്കാറിന്റെ ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചു. ഇതോടെ ഇന്ന് സ്വിസ് ദിനമല്ലെന്ന് തോന്നിച്ചു. എന്നാല്‍ കളി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ച്ചയായി അവസരങ്ങള്‍ പാഴാക്കിയശേഷം 82-ാം മിനിറ്റില്‍ അത്ഭുതഗോളിലൂടെ ഷാക്കിരി സ്വിറ്റ്സര്‍ലന്‍ഡിന് സമനില നേടിക്കൊടുത്തു. ബോക്സിന് തൊട്ടുപുറത്തുനിന്ന് ഷര്ദാന് ഷാക്കിരി പായിച്ച തകര്‍പ്പന്‍ സിസര്‍കട്ടാണ് മുഴുനീളെ ഡൈവ് ചെയ്ത പോളിഷ് ഗോളിയെ മറികടന്ന് വലയിലെത്തിയത്.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. ഇതോടെ നിശ്ചിത സമയത്ത് കളി 1-1ന് സമനില. തുടര്‍ന്ന് അധിക സമയത്തേക്ക് നീണ്ടു. 97-ാം മിനിറ്റില്‍ പോളണ്ടിന്റെ ഗ്രോസിക്കി നല്ലൊരു അവസരം നഷ്ടപ്പെടുത്തി. പിന്നീട് 112, 117 മിനിറ്റുകളില്‍ സ്വിസ് താരം ദിര്‍ദിയോക്ക് രണ്ട് അവസരം നഷ്ടമാക്കി. ഇതോടെ മത്സരം സമനിലയില്‍. തുടര്‍ന്നാണ് ഷൂട്ടൗട്ട് അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: