അലക്സി സാഞ്ചസ് ലയണല്‍ മെസ്സി
ന്യൂജേഴ്സി: ലാറ്റിനമേരിക്കന്‍ രാജാക്കന്മാരുടെ കിരീടാരോഹണത്തിന് ന്യൂജേഴ്സി ഈസ്റ്റ് റുഥര്‍ഫോര്‍ഡിലെ മെറ്റ് ലൈഫ് സ്റ്റേഡിയമൊരുങ്ങുമ്പോള് ഒരു തനിയാവര്‍ത്തനത്തിന്റെ ലഹരിയില്‍ കാല്‍പ്പന്തു കളിയുടെ ലോകം. കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ ശതാബ്ദി വര്‍ഷത്തിലെ ജേതാക്കളെ നിശ്ചയിക്കാന്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30നു പന്തുരുളുമ്പോള്‍ കിരീടം നിലനിര്‍ത്താന്‍ ചിലിയും കഴിഞ്ഞ തവണ കൈപ്പാടകലെ നഷ്ടപ്പെട്ടത് മാറോടുചേര്‍ക്കാന്‍ അര്‍ജന്റീനയും കൊമ്പുകോര്‍ക്കും.
കഴിഞ്ഞവട്ടം ചിലിക്കു മുന്പില് ഷൂട്ടൗട്ടില്‍ കിരീടം അടിയറവച്ച അര്‍ജന്റീന ഇത്തവണ തകര്‍പ്പന്‍ ഫോമില്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ചിലിയെ കീഴടക്കിയതിന്റെ ആവേശമുണ്ട് അവര്‍ക്ക്.
കിരീട വരള്‍ച്ചയുടെ ഇരുപത്തിമൂന്നാണ്ട് പിന്നിടുമ്പോള്‍ കോപ്പയിലൂടെ അതിന് അന്ത്യം കുറിക്കാമെന്നു പ്രതീക്ഷയുണ്ട് ലയണല്‍ മെസിക്കും സംഘത്തിനും. 1993-ല്‍ കോപ്പ നേടിയതിനു ശേഷം കിരീട ഭാഗ്യമുണ്ടായിട്ടില്ല ടീമിന്. സമകാലീന ഫുട്ബോളില്‍ ഏറെ ഒത്തൊരുമയോടെയും മികവോടെയും കളിക്കുന്ന ടീമാണ് അര്‍ജന്റീന.
കഴിഞ്ഞ ലോകകപ്പിലും കോപ്പയിലും ഫൈനലിലെത്തിയതു മതി അവരുടെ മികവറിയാന്‍. ഓരോ പൊസിഷനിലും ലോക ഫുട്ബോളിലെ മിന്നും താരങ്ങളുടെ സാന്നിധ്യം. പ്രതിരോധം ഛിന്നഭിന്നമാകുന്നുവെന്നാണ് പരാതിയെങ്കിലും സമീപകാലത്ത് അതും മറികടന്നു. കോപ്പയില്‍ തന്നെ രണ്ടു ഗോള്‍ മാത്രമേ ടീം വഴങ്ങിയിട്ടുള്ളു.
ഗോളടിക്കുന്നതില്‍ ഒട്ടും പിശുക്കും കാണിച്ചില്ല. അഞ്ച് മത്സരങ്ങളില്‍ 18 ഗോളും എതിര് വലയില്‍ അടിച്ചുകയറ്റി. ഗ്രൂപ്പ് ഘട്ടത്തില്‍ ലയണല്‍ മെസി കളിക്കാതിരുന്നിട്ടും ചിലിയെ 2-1ന് കീഴടക്കി അര്‍ജന്റീന കുതിപ്പ് തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ പകരക്കാരനായിറങ്ങിയ മെസിയുടെ ഹാട്രിക്ക് കരുത്തില്‍ പനാമയെ തുരത്തി (5-0). ബൊളീവിയയെയും (3-0), ക്വാര്‍ട്ടറില്‍ വെനസ്വേലയെയും (4-1), സെമിയില്‍ ആതിഥേയായ യുഎസിനെയും (4-0) തൂത്തെറിഞ്ഞ് കലാശക്കളിക്കെത്തുന്നു അര്‍ജന്റീന.
ലോക ഫുട്ബോളിലെ സൂപ്പര്‍ താരനിരയാണ് അര്‍ജന്റീനയുടേത്. ആദ്യ പതിനൊന്നിലെ ആരെ മാറ്റിയാലും പകരം നില്ക്കാന് പറ്റിയവരുണ്ടെന്നാണ് പരിശീകന് ജെറാര്‍ഡോ മാര്‍ട്ടിനോയുടെ ആത്മവിശ്വാസം. ക്ലബ് ഫുട്ബോളില്‍ ബാഴ്സലോണയ്ക്കായി കിരീടങ്ങള്‍ വെട്ടിപ്പിടിച്ച നായകന് മെസിയില്‍ തുടങ്ങുന്നു അവരുടെ പെരുമ. മാറഡോണ യുഗത്തില്‍നിന്ന് മെസി യുഗത്തിലേക്കുള്ള പ്രയാണത്തിന് ഇത്തവണയെങ്കിലും കിരീടം ചാര്‍ത്തണം മകുടിയില്‍. മുന്നേറ്റത്തില്‍ ഗൊണ്‍സാലോ ഹിഗ്വെയ്ന്, സെര്‍ജിയോ അഗ്വെയ്റൊ, എസ്ക്വെല്‍ ലാവേസി, മധ്യനിരയില്‍ ഹാവിയര്‍ മഷറാനോ, എവര്‍ ബനേഗ, എറിക് ലമേല, ജാവിയര്‍ പസ്ട്രോ, അഗസ്റ്റൂസോ ഫെര്‍ണാണ്ടസ്, ലൂക്കാസ് ബിഗ്ലിയ, പ്രതിരോധത്തില്‍ മാര്‍ക്കോസ് റോജോ, നിക്കോളാസ് ഓട്ടമെന്‍ഡി, ഗബ്രിയേല്‍ മെര്‍കാഡോ, ഫ്യൂണസ് മോറി, ഗോള്‍വലയ്ക്ക് മുന്നില്‍ സെര്‍ജിയോ റൊമേറോ.
വിശേഷണങ്ങള്‍ വേണ്ടല്ലോ ഇവര്‍ക്കാര്‍ക്കും. സൂപ്പര്‍താരവും പ്ലേ മേക്കറുമായ ഏയ്ഞ്ചല്‍ ഡി മരിയ കൂടി ബൂട്ടണിഞ്ഞാല്‍ പിന്നെ പറയേണ്ടതില്ലല്ലോ. കഴിഞ്ഞ ലോകകപ്പ്, കോപ്പ അമേരിക്ക ഫൈനലുകളില്‍ മരിയ കളിച്ചിരുന്നില്ല.
കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പിലെ ജയം ആവര്‍ത്തിച്ച് ഗ്രൂപ്പിലേറ്റ തിരിച്ചടിക്ക് പകരം വിട്ടാനുറച്ച് ചിലിയുടെ പടപ്പുറപ്പാട്. അലക്സി സാഞ്ചസ്, എഡ്വേര്‍ഡോ വര്‍ഗാസ്, അര്‍ടൂറോ വിദാല്‍, ഗോളി ക്ലോഡിയോ ബ്രാവോ എന്നിവര്‍ സൂപ്പര്‍ താരങ്ങള്‍. ടൂര്‍ണമെന്റില്‍ 16 ഗോളുകള്‍ നേടിയ ചിലി അഞ്ച് ഗോളുകള്‍ വഴങ്ങി.
പതുങ്ങിത്തുടങ്ങി മിന്നും ഫോമിലേക്കുയര്‍ന്ന അവര്‍ അവസാന ഘട്ടത്തില്‍ ചാമ്പ്യന്മാര്ക്കു ചേര്‍ന്ന കളി കാഴ്ചവച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പനാമയ്ക്കെതിരെ രണ്ട് ഗോളുകളുമായി സാഞ്ചസ് ഫോമില്‍ മടങ്ങിയെത്തി. മെക്സിക്കോക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ വര്‍ഗാസിന്റെ ബൂട്ടുകള്‍ നാലു തവണ തീതുപ്പിയപ്പോള്‍, 7-0ന് ജയിച്ച് ചാമ്പ്യന്മാര് ഫൈനലില്‍. സെമിയില്‍ കൊളംബിയയ്ക്കെതിരെ സാഞ്ചസ് ഗോളടിച്ചില്ലെങ്കിലും ടീമിനെ വിജയത്തിലെത്തിച്ച ഗോളിന് വഴിയൊരുക്കി മിന്നുന്ന പ്രകടനം നടത്തി.
സൂപ്പര്‍ താരം സാഞ്ചസെങ്കിലും ആറ് ഗോളുകളുമായി ടോപ് സ്കോറര്‍ സ്ഥാനത്ത് നില്ക്കുന്ന വര്ഗാസിനെയാകും അര്‍ജന്റൈന്‍ പ്രതിരോധം ഏറെ സൂക്ഷിക്കേണ്ടി വരിക. അര്‍ദ്ധാവസരം പോലും ഗോളാക്കാന്‍ കഴിവുള്ള താരമാണ് വര്‍ഗാസ്. 4-3-3 ശൈലിയില്‍ ഇറങ്ങുന്ന ചിലിയുടെ മധ്യനിരയില്‍ മൈതാനം പിടിച്ചടക്കാന്‍ ചാള്‍സ് അരാന്ഗ്യസും മാഴ്സെലോ ഡയസും വിദാലും രംഗത്തിറങ്ങും. പ്രതിരോധം കാക്കാന്‍ ഫ്യൂസാന്ലിഡ, ഗാരി മെഡല്‍, ഗൊണ്‍സാലോ യാറ, ജീന്‍ ബ്യൂസേജോര് എന്നിവരും ഇറങ്ങും.
കഴിഞ്ഞ കോപ്പ അമേരിക്കക്കുശേഷം ഇരുടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും വിജയം അര്‍ജന്റീനക്കൊപ്പം നിന്നു. അതേസമയം അര്‍ജന്റീനക്കെതിരെ ചിലിയുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. ഇതിന് മുന്‍പ് 88 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 59ലും വിജയം അര്‍ജന്റീനക്ക്. ചിലിയുടെ അക്കൗണ്ടില്‍ ഏഴെണ്ണവും. 22 എണ്ണം സമനിലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: