അധികാരവും അവകാശവുമല്ല മാറ്റത്തിനുള്ള നിദാനം. സ്‌നേഹവും നിസ്വാര്‍ത്ഥതയുമാണ്. അധികാരം അഹങ്കാരത്തിന്റെ ശബ്ദമാണ്. അവിടെ സ്‌നേഹമില്ല. സ്വാര്‍ത്ഥതമാത്രമാണുള്ളത്. സ്വാര്‍ത്ഥത മാത്രമാണ് ഭരിക്കുന്നത്.
അവിടെ നിസംഗതയില്ല മമതയാണുള്ളത്. മനുഷ്യനെ സര്‍വ ജീവരാശികളുടേയും നന്മയ്‌ക്കു വേണ്ടി പ്രാര്‍ത്ഥനയോടെ ചെയ്യുന്നതാണ് യഥാര്‍ത്ഥ കര്‍മ്മം, അങ്ങനെ കര്‍മ്മത്തിലൂടെ മാത്രമേ യഥാര്‍ത്ഥമാറ്റം കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. ഈശ്വരനില്ലാതെ മറ്റൊന്നുമില്ല എന്നതാണ് സത്യം. അതില്‍ സവര്‍ണ്ണനും അവര്‍ണ്ണനും ഇല്ല.
എല്ലാം ഈശ്വരനാണെങ്കില്‍ പിന്നെ ഇവിടെ ചെറുതും വലുതുമുണ്ടോ? ഇല്ല. എല്ലാം ആത്മസ്വരൂപമാണ്. അതാണ് ഗുരുദേവന്‍ കണ്ണാടി പ്രതിഷ്ഠനടത്തിയതിന്റെ പിന്നിലുള്ള മഹത്തായ തത്ത്വം. കണ്ണാടിയില്‍ സ്വന്തം പ്രതിബിംബം കാണുന്നത് പോലെ മറ്റുള്ളവരിലും തന്നില്‍ കാണുന്ന അതേ ചൈതന്യത്തെ ദര്‍ശിക്കാന്‍ കഴിയണം. ഗുരുദേവന്‍ നമുക്കരുളിയ ബ്രഹത്തായ തത്ത്വം ഇതാണ്.
















