കൊട്ടാരക്കര: പുത്തൂര്‍ പഴവറ ചിറ നശിക്കുന്നു. നാല് മാസം മുന്‍പ് പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് ചിറസംരക്ഷണ പദ്ധതിക്കായി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപയാണ് നീക്കിവച്ചത്. തൊഴിലാളികളെ ഉപയോഗിച്ച് ചിറ വൃത്തിയാക്കല്‍ ജോലികള്‍ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഇല്ലാത്തതുമൂലം പദ്ധതി ഫലം കണ്ടില്ല. ചിറയുടെ ഒരുഭാഗം മണ്ണിട്ട് നികത്തിയശേഷം ഇവിടെ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിക്കുവാനും ബാക്കിഭാഗം വശങ്ങള്‍ കെട്ടി ‘ഭംഗിയാക്കി നീന്തല്‍ കുളമാക്കാനുമായിരുന്നു പദ്ധതി. കാരിയ്‌ക്കല്‍, ചെറുമങ്ങാട്, തെക്കുംചേരി വാര്‍ഡുകളിലെ 125 തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് ചിറ വൃത്തിയാക്കല്‍ ജോലികള്‍ തുടങ്ങിയത്. എന്നാല്‍ പാതിവഴിയില്‍ ജോലി ഉപേക്ഷിച്ചു. മഴ പെയ്തതോടെ ചിറയിലെ വെള്ളം കൂടുകയും ചെയ്തു. ഇനി ഇറച്ച് ശുചിയാക്കല്‍ ഉടന്‍ നടക്കുകയുമില്ല.
വൃത്തിയാക്കല്‍ ജോലി നിലച്ചതോടെ ചിറയില്‍ മാലിന്യങ്ങളും മറ്റും അടിഞ്ഞുകൂടാന്‍ തുടങ്ങിയിരിക്കയാണ്. വെളിയില്‍ ചേമ്പും കുറ്റിക്കാടുകളും വളര്‍ന്ന് ചിറ മൂടുന്ന സ്ഥിതിയാണിപ്പോള്‍. പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് മുന്‍ കൈയെടുത്ത് 1982ല്‍ ആണ് ഇവിടെ ചിറ നിര്‍മ്മിച്ചത്.
അതിന് മുന്‍പ് ചെറിയൊരു ചിറ ഉണ്ടായിരുന്നു. അത് പഞ്ചായത്ത് ഏറ്റെടുത്ത് വിപുലപ്പെടുത്തുകയായിരുന്നു. പഴയ ചിറയുടെ പേരില്‍ നാടിന് പഴവറയെന്ന പേരും സിദ്ധിച്ചു. ചിറയും അനുബന്ധ സ്ഥലവുമായി രണ്ടേക്കറിനടുത്ത് സ്ഥലമുണ്ടായിരുന്നുവെങ്കിലും നേരത്തേയുള്ള കയ്യേറ്റങ്ങളിലൂടെ നല്ലൊരു ‘ഭാഗവും നഷ്ടപ്പെട്ടു. മാലിന്യം നിറഞ്ഞ ഈ ചിറയോട് ചേര്‍ന്നാണ് പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായുളള പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. ചിറയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് പെരുകുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയുമാണ്. എന്നിട്ടും ആരോഗ്യവകുപ്പോ പട്ടികജാതി വകുപ്പോ അനങ്ങുന്നില്ല.
ഇവിടെ കാട് വളര്‍ന്നതുമൂലം നേരത്തേ പാമ്പ് പെരുകുകയും രണ്ട് കുട്ടികള്‍ക്ക് കടിയേല്‍ക്കുകയും ചെയ്തിരുന്നു. എന്നാലും ബന്ധപ്പെട്ട വകുപ്പുകള്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ലെന്നാണ് ആക്ഷേപം.
















