അഭിലാഷ് പെരുമണ്‍
അഞ്ചാലുംമൂട്:’അധികൃതരുടെ അവഗണന മൂലം അഞ്ചാലുംമൂട് മാര്‍ക്കറ്റ് ശോചനീയാവസ്ഥയുടെ പര്യായമാകുന്നു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ മത്സ്യവ്യാപാരം നടക്കുന്ന മാര്‍ക്കറ്റാണ് ഇത്. ഇതുവരെയും മാര്‍ക്കറ്റിന്റെ അടിസ്ഥാനസൗകര്യം വര്‍ദ്ധിപ്പിക്കനോ ശോചനീയാവസ്ഥ പരിഹരിക്കുവാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കൊല്ലം കോര്‍പ്പറേഷനിലേക്ക് കൂട്ടി യോജിപ്പിക്കപ്പെട്ട പഴയ തൃക്കടവൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയിലാണ് മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. മാര്‍ക്കറ്റിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്‌മയും ശോചനീയാവസ്ഥയും കച്ചവടക്കാരെയും മത്സ്യം വാങ്ങാന്‍ എത്തുന്നവരെയും ഏറെ വലയ്‌ക്കുകയാണ്. മാര്‍ക്കറ്റിനുള്ളില്‍ മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ മത്സ്യം വാങ്ങാനായി ഇവിടെ എത്തുന്നവര്‍ മലിനജലത്തില്‍ ചവിട്ടി തെന്നി വീഴുന്നതും നിത്യസംഭവങ്ങളാണ്. 2012 ല്‍ തൃക്കടവൂര്‍ പഞ്ചായത്ത് ഭരിച്ച എല്‍ഡിഎഫിന്റെ ഭരണകാലത്തായിരുന്നു മാര്‍ക്കറ്റിന്റെ നവീകരണ പ്രവര്‍ത്തനം നടന്നിരുന്നത്. അന്ന് പി.കെ.ഗുരുദാസന്‍ എംഎല്‍എയായിരുന്നു നവീകരണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ നവീകരണ മറവില്‍ അന്ന് വലിയ അഴിമതിയാണ് എല്‍ഡിഎഫ് നടത്തിയിരുന്നതെന്ന് അന്നത്തെ പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചിരുന്നു. ദുര്‍ഗന്ധത്താല്‍ മുഖരിതമാകുന്ന മാര്‍ക്കറ്റ് പ്രദേശത്ത് പകര്‍ച്ചവ്യാധി പരത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ഈ ഭാഗത്ത് ഗതാഗതകുരുക്കും സൃഷ്ടിക്കുന്നുണ്ട്. ഈ ഭാഗത്ത് കൂടി വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ മിനിട്ടുകളോളം ഗതാഗതകുരുക്കില്‍പ്പെടുന്നു.
അപകടവും ഇവിടുത്തെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനോ മാര്‍ക്കറ്റ് മികച്ച രീതിയില്‍ നവീകരിക്കുവാനോ മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ക്ക് സാധിച്ചിട്ടില്ല. അഞ്ചാലുംമൂടിന്റെ വികസന മുരടിപ്പിന്റെ മുഖ്യ അടയാളവും ഈ മാര്‍ക്കറ്റാണ്. മാര്‍ക്കറ്റിനുള്ളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് കൊണ്ടുവന്ന ബയോഗ്യാസ് പ്ലാന്റ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. മാര്‍ക്കറ്റിനുള്ളിലും പരിസരപ്രദേശങ്ങളിലും രാത്രിയില്‍ വെളിച്ചമില്ല. ഉള്ള തെരുവുവിളക്കുകള്‍ പോലൂം ഇപ്പോള്‍ കത്താത്ത അവസ്ഥയാണ്. വെളിച്ചക്കുറവ് ഇവിടുത്തെ കച്ചവടക്കാരെയും മത്സ്യം വാങ്ങാനെത്തുന്നവരെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. മാര്‍ക്കറ്റിനുള്ളിലെ ടോയ്‌ലറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഇതുവരെയും അതു തുറന്ന് നല്‍കാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല. ഇതുമൂലം ഇവിടെ കച്ചവടത്തിന് എത്തുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളിലൊന്നായ അഞ്ചാലുംമൂട് മാര്‍ക്കറ്റിന്റെ നവീകരണ പ്രവര്‍ത്തനത്തില്‍ ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്നും വികസനത്തില്‍ രാഷ്‌ട്രീയം നോക്കരുതെന്നും പ്രതികരണ വേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.വി.ഷാജി ആവശ്യപ്പെട്ടു.
















