ടൗളുസ്: യൂറോ കപ്പിന് ആദ്യമായെത്തിയ വെയ്ല്‍സ് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ബിയിലെ അവസാന കളിയില്‍ റഷ്യയെ മടക്കമില്ലാത്ത മൂന്നു ഗോളിനു തുരത്തി വെയ്ല്‍സ് അവസാന പതിനാറില്‍ ഇടമുറപ്പിച്ചത്.
മൂന്നു കളികളില്‍ ആറു പോയിന്റുമായി അവരുടെ മുന്നേറ്റം. സ്ലൊവാക്യയോട് ഗോള്‍രഹിത സമനില വഴങ്ങിയ ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായി മുന്നേറി. നാലു പോയിന്റുള്ള സ്ലൊവാക്യ മികച്ച മൂന്നാം സ്ഥാനക്കാരുടെ പകിട്ടില്‍ മുന്നേറാമെന്ന പ്രതീക്ഷയില്‍. ഒരു സമനില മാത്രം സ്വന്തമാക്കിയ റഷ്യ പുറത്ത്.
റഷ്യയ്ക്കെതിരെ ആധിപത്യം പ്രകടിപ്പിച്ച വെയ്ല്‍സ് ആരോണ്‍ റംസേ, നെയ്ല്‍ ടെയ്ലര്, ഗരത് ബെയ്ല് എന്നിവരുടെ ഗോളില്‍ അനായാസ ജയം നേടി. പതിനൊന്നാം മിനിറ്റില്‍ ജോ അല്ലെന് നല്കിയ പാസില്‍ ലക്ഷ്യം കണ്ടു റംസേ.
രണ്ടാം ഗോളിനു വഴിതുറന്നത് ബെയ്ല്-ടെയ്ലര് കൂട്ടുകെട്ട്. 20ാം മിനിറ്റില്‍ ബെയ്ലിന്റെ പാസ് വലയിലേക്കു നിക്ഷേപിച്ചു ടെയ്ലര്.
രണ്ടു ഗോള്‍ മുന്‍തൂക്കവുമായി ഇടവേളയ്ക്കു പിരിഞ്ഞ വെയ്ല്‍സ് തിരിച്ചെത്തിയപ്പോഴും ആധിപത്യം തുടര്‍ന്നു. 67ാം മിനിറ്റില്‍ ബെയ്ല് പട്ടിക തികച്ചു.
ആരോണ്‍ റംസേയുമായി ചേര്‍ന്ന നീക്കം ഗോളില്‍ കലാശിച്ചത്. പ്രാഥമിക ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലും ഗോള്‍ നേടിയ ബെയ്ല് 2004നു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരവുമായി. മിലന് ബറോസ്, റൂഡ് വാന്‍ നിസ്റ്റല്‍റൂയി എന്നിവരാണ് 2004ല്‍ ഈ നേട്ടം കൈവരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: