മാസചുെസറ്റ്സ്:വെനസ്വേലയെ തകര്‍ത്ത് അര്‍ജന്റീന കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ സെമിയില്‍. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മെസ്സിപ്പടയുടെ തേരോട്ടം. അര്‍ജന്റീനക്ക് വേണ്ടി ഗൊണ്‍സാലോ ഹിഗ്വയിന് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ മെസ്സിയും എറിക് ലമേലയും ഓരോന്നുവീതം സ്വന്തമാക്കി. സലേമാണ് റോന്‍ഡന്‍ വെനസ്വേലയുടെ ആശ്വാസം.
സെമിയില്‍ ആതിഥേയരായ യുഎസ്എയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. മുന്‍ മത്സരങ്ങളിലെല്ലാം പകരക്കാരനായി കളത്തിലെത്തിയ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ഇന്നലെ ആദ്യ ഇലവനില്‍ ഇറങ്ങി. ഒരു ഗോള്‍ നേടുകയും രണ്ടെണ്ണത്തിന് വഴി തുറന്നും മെസ്സി മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തു. ഇതോടെ, അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനടുത്തെത്തി മെസ്സി. 54 ഗോളുകള്‍ മെസ്സി നേടിയപ്പോള്‍ ബാറ്റിസ്റ്റിയൂട്ട അടിച്ചുകൂട്ടിയത് 56 എണ്ണം. രണ്ട് ഗോളുകള്‍ മാത്രം പിന്നിലാണ് മെസ്സി.
കളിച്ച മത്സരങ്ങളെല്ലാം രാജകീയമായി ജയിച്ചാണ് അര്ജീന്റയുടെ സെമിപ്രവേശവും. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മത്സരങ്ങളും ജയിച്ച് ക്വാര്‍ട്ടറില്‍ കടന്ന ടീമായ അര്‍ജന്റീന, ഇത്തവണ കിരീടവുമായേ മടങ്ങൂ എന്നു തോന്നിക്കുന്ന പ്രകടനമാണ് വെനസ്വേലയ്ക്കെതിരെ കാഴ്ചവച്ചത്.
പരിക്കിന്റെ പിടിയിലായ പ്ലേ മേക്കര്‍ ഏയ്ഞ്ചല്‍ ഡി മരിയയെ പുറത്തിരുത്തിയാണ് അര്‍ജന്റീന മൈാനത്തിറങ്ങിയത്.
കളി തുടങ്ങി എട്ടാം മിനിറ്റില്‍ അവര്‍ ലീഡ് നേടുകയും ചെയ്തു. മെസ്സിയുടെ ഭാവനയില്‍ നിന്നു വിരിഞ്ഞ മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോള്‍. ഏകദേശം മൈതാനമധ്യത്തിനടുത്തുനിന്ന് മെസ്സി വെനസ്വേലന്‍ പോസ്റ്റിനെ ലക്ഷ്യമാക്കി ഉയര്‍ത്തിവിട്ട പന്ത് പ്രതിരോധനിരക്കാര്ക്കിടയില് നിന്നും ഒഴിഞ്ഞുമാറിയ ഹിഗ്വയിന് മികച്ചൊരു വലംകാലന്‍ ഷോട്ടിലൂടെ വലയിലെത്തിച്ചു. 28-ാം മിനിറ്റില്‍ വെനസ്വേല പ്രതിരോധത്തിന്റെ പിഴവില്‍നിന്നായിരുന്നു അര്‍ജന്റീനയുടെയും ഹിഗ്വയിന്റെയും രണ്ടാം ഗോള്‍.
ഗോളിയെ ലക്ഷ്യമാക്കി വെനസ്വേല താരം നല്കിയ മൈനസ് പാസ് ഓടിപ്പിടിച്ച ഹിഗ്വയിന് ഗോള്‍കീപ്പറെ മറികടന്ന് അനായാസം ലക്ഷ്യം കണ്ടു. പിന്നീട് ഉണര്‍ന്നു കളിച്ച വെനസ്വല മികച്ച ചില ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും സെര്‍ജിയോ റൊമേറോയുടെ മികച്ച രക്ഷപ്പെടുത്തലുകള്‍ വെനസ്വേലയെ ഗോള്‍ നേട്ടത്തില്‍നിന്ന് അകറ്റി. ഒപ്പം 43-ാം മിനിറ്റില്‍ മാനുവല്‍ സെയ്ജാസ് വീണുകിട്ടിയ പെനാല്‍റ്റി തുലച്ചുകളയുകയും ചെയ്തു. പെനാല്‍റ്റി കിക്ക് അര്‍ജന്റീന ഗോളി സെര്‍ജിയോ റൊമോരോ രക്ഷപ്പെടുത്തുകയായിരുന്നു.
രണ്ടാം പകുതിയിലും അര്‍ജന്റീയുടെ ആധിപത്യം. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 60-ാം മിനിറ്റില്‍ അവര്‍ ലീഡ് വീണ്ടും ഉയര്‍ത്തി. ഇത്തവണ മെസ്സിയുടെ വകയായിരുന്നു ഗോള്‍. ഗോളിലേക്കുള്ള നീക്കത്തിന്റെ തുടക്കം വെനസ്വേലയുടെ മിസ്പാസില്നിന്ന്. പന്ത് പിടിച്ചെടുത്ത ഗയ്റ്റന് അത് ഹിഗ്വയിന് കൈമാറി ബോക്സിലേക്ക് ഓടിക്കയറി.
ഹിഗ്വയിനില് നിന്ന പന്ത് സ്വീകരിച്ച മെസ്സി ബോക്സിനുള്ളില്‍ ഗയ്റ്റന് മറിച്ചു. ഗയ്റ്റന് വീണ്ടും പോസ്റ്റിന് മുന്നിലുള്ള മെസ്സിക്ക് തിരികെ നല്കിയപ്പോള് അനായാസം സൂപ്പര്‍താരം വല കുലുക്കി.
70-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് വന്ന ക്രോസിന് തലവച്ച് റോന്‍ഡന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ മെസ്സിയുടെ അളന്നുമുറിച്ച പാസ് വലയിലെത്തിച്ച് എറിക് ലമേല ലക്ഷ്യം കണ്ടതോടെ അര്‍ജന്റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: