തിരുവനന്തപുരം: സ്പോര്‍ട്സ് ലോട്ടറി നടത്തിപ്പില്‍ വന്‍ ക്രമക്കേടെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്. ഒമ്പതുവര്‍ഷം മുമ്പ് പരിശോധിച്ച് ക്രമക്കേടുകള്‍ കണ്ടെത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 2007ല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന സിപിഎം നേതാവ് ടി.പി. ദാസന് ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന കണ്ടെത്തലും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.
പിരിച്ച 12 കോടിയില്‍ 1.34 കോടിരൂപ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്നും കണ്ടെത്തി. ഇതോടെ നിലവിലെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വളരെയധികം ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും മാറിമാറി ഭരിച്ച ഇടതുവലത് സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് ഇരുമുന്നണികളുടെയും ഒത്തുകളി വ്യക്തമാക്കുന്നു.
പ്രവാസികള്‍ക്ക് പ്രസിഡന്റ് മുന്‍കയ്യെടുത്ത് വിറ്റഴിച്ച ലോട്ടറി ടിക്കറ്റുകളുടെ തുകയും കൗണ്‍സിലില്‍ ലഭിച്ചിട്ടില്ല. സ്പോര്‍ട്സ് ലോട്ടറിയുമായി ബന്ധപ്പെട്ട് കൗണ്‍സിലില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളില്‍ നിരവധി അപാകതകളുണ്ട്. അതിനാല്‍ ഇതേക്കുറിച്ച് ഗൗരവകരമായി അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. കായിക വികസനം ലക്ഷ്യമിട്ടാണ് സ്പോര്‍ട്സ് കൗണ്‍സില്‍ 2007 ല്‍ സ്പോര്‍ട്സ് ലോട്ടറി കൊണ്ടുവന്നത്. ലോട്ടറിയിലൂടെ 80 കോടി രൂപ പിരിച്ചെടുത്തു. എന്നാല്‍ കായിക വികസനത്തിനായി നയാപ്പൈസ ഉപയോഗിച്ചിട്ടില്ല.
സ്പോര്‍ട്സ് കൗണ്‍സില്‍ വഴി ലോട്ടറി വിറ്റ വകയില്‍ 12 കോടിയോളം രൂപ പിരിച്ചെന്നും ഇതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നുമാണ് ടി.പി. ദാസന് അഞ്ജുവിന്റെ ആരോപണത്തിന് മറുപടിയായി പറഞ്ഞിരുന്നത്. പക്ഷേ 1,34,22230 രൂപ കൗണ്‍സിലിന് പിരിഞ്ഞു കിട്ടാനുണ്ടെന്ന് 2010-11 ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൗണ്‍സില്‍ പ്രസിഡന്റ് മുഖേനെയാണ് ഗള്‍ഫിലെ ഏജന്‍സിക്ക് ലോട്ടറികള്‍ വിറ്റത്. ഈ വകയില്‍ മൂന്നര ലക്ഷം രൂപ കൗണ്‍സിലിന്റെ അക്കൗണ്ടില്‍ ഇതുവരെ എത്തിയിട്ടില്ല. ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ ക്യാഷ് ബുക്ക്, സ്റ്റോക്ക് ബുക്ക് എന്നിവ സൂക്ഷിച്ചിട്ടില്ല. കായികതാരങ്ങളുടെ പടം വച്ച് ലോട്ടറി പ്രചരിപ്പിച്ച ഇനത്തില്‍ അഞ്ചുകോടി രൂപ ചെലവായിട്ടുണ്ട്.
എന്നാല്‍ പൊതുജനങ്ങള്‍ക്ക് ലോട്ടറി അടിച്ച് വിതരണം ചെയ്ത് പണം സ്വരൂപിച്ചതിന്റെ കണക്കുകള്‍ സൂക്ഷിച്ചിട്ടില്ല. ഇത് ഗുരുതരമായ ക്രമക്കേടാണെന്നും അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: