ഏറ്റുമാനൂര്‍: നഗരസഭയുടെ ഉടമസ്ഥതയിലുള്ള മത്സ്യമാര്‍ക്കറ്റിലെ മുറികളുടെ ലേലത്തുകയില്‍ പത്തിരട്ടി വര്‍ദ്ധനവ്. കഴിഞ്ഞകാലങ്ങളില്‍ ലേലം നടത്താതെ കരാറുകാരുമായി ധാരണയിലെത്തി വാടക നിശ്ചയിച്ച് നല്‍കിയ ഇടതു-വലതു ജനപ്രതിനിധികളുടെ തന്ത്രം അവസാനിച്ചതാണ് ലേലത്തുകയില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ ഇടയായത്. ബിജെപി കൗണ്‍സിലര്‍മാരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഇത്തവണ മത്സൃമാര്‍ക്കറ്റ് ലേലം ചെയ്യാന്‍ തീരുമാനമുണ്ടായത്. ഇതിനാല്‍ നഗരസഭക്ക് വന്‍ തുകയുടെ വരുമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
ലേലം നടത്തിയതുമൂലം 24സ്റ്റാളുകളുടെ വാടകയിനത്തില്‍ നഗരസഭയ്‌ക്കുണ്ടായ വാര്‍ഷിക വരുമാനം 1,06,67,028 രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഏകദേശം എട്ട് ഇരട്ടി വര്‍ദ്ധനവ്. മൊത്തം 27 സ്റ്റാളുകളുള്ളതില്‍ നാലു സ്റ്റാളുകള്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും വികലാംഗര്‍ക്കും വിധവകള്‍ക്കുമായി സംവരണം ചെയ്തുട്ടള്ളതാണ്. ഇത് ലേലത്തില്‍ പോയിട്ടില്ല. 2014-15 വര്‍ഷത്തില്‍ 10,200 രൂപ വാടക നിശ്ചയിച്ച ഒരു സ്റ്റാളിന് ഇത്തവണ ലേലത്തിലൂടെ ലഭിച്ചത് 79,000 രൂപയാണ് പ്രതിമാസ വാടക. 10,600 രൂപയുടെ സ്റ്റാളിന് ഇത്തവണ ലഭിച്ചത് 1,09,000 രൂപയും 9,150 രൂപയ്‌ക്ക് പോയ സ്റ്റാള്‍ ഇത്തവണ 92,002 രൂപയ്‌ക്കുമാണ് ലേലത്തില്‍ പോയത്. കഴിഞ്ഞവര്‍ഷം ലേലം ഒഴിവാക്കാന്‍ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു. അത് പഞ്ചായത്തിന് വന്‍ നഷ്ടത്തിനിടയാക്കിയ നടപടിയായി. അന്നത്തെ പ്രതിപക്ഷവും അതിനെതിരായി പ്രതികരിച്ചില്ല. ഇരുകൂട്ടരും സ്റ്റാളുകാരില്‍നിന്നും കിമ്പളം വാങ്ങിയിരുന്നതായും ആരോപണമുണ്ട്. ഇത്തവണത്തെ മൊത്തവ്യാപാരത്തിനുള്ള സ്റ്റാളുകളുടെ ലേലം നടക്കാനിരിക്കുന്നതേയുള്ളു. കഴിഞ്ഞവര്‍ഷം വാടകനിശ്ചയിച്ച് മുറികള്‍ നല്‍കിയ വകയില്‍ നഗരസഭയ്‌ക്ക് ഉണ്ടായ നഷ്ടത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
















