കോഴിക്കോട്: എഎസ്‌ഐക്കെതിരെ പരാതിയുമായി ആത്മഹത്യചെയ്ത നടിയുടെ അമ്മ രംഗത്ത്. മരണപ്പെട്ട സിനിമ, സീരിയല്‍ നടി പ്രിയങ്കയുടെ അമ്മ പി.കെ. ജയലക്ഷ്മിയാണ് എഎസ്‌ഐക്കെതിരെ രംഗത്തു വന്നത്. ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെതിരെ നല്‍കിയ കേസ് അന്വേഷിക്കാനെത്തിയ പോലീസുദ്യോഗസ്ഥനാണ് ഇപ്പോള്‍ നിരന്തരം ശല്യപ്പെടുത്തുന്നതെന്ന് ജയലക്ഷ്മി ആരോപിച്ചു.
കഴിഞ്ഞ മാസം ഭര്‍ത്താവ് മരിച്ചതോടെയാണ് പോലീസുദ്യോഗസ്ഥന്‍ തന്നോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങിയതെന്ന് ജയലക്ഷ്മി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ ഒരു എഎസ്‌ഐ ആണ് നിരന്തരം ഫോണില്‍ വിളിച്ചും സന്ദേശമയച്ചും മാനസികമായി പീഡിപ്പിക്കുന്നത്. ഇയാള്‍ക്കെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ട് നടപടി എടുത്തില്ലെന്നും അവര്‍ പറഞ്ഞു. 2011 നവംബര്‍ 26 നാണ് അശോകപുരത്തുളള ഫ്‌ളാറ്റില്‍ പ്രിയങ്കയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.
















