കാസര്‍കോട്: കേരളത്തിലെ കേന്ദ്ര സര്‍വ്വകലാശാലയുടെ കാസര്‍കോട്ടെ ക്യാമ്പസുകളില്‍ തീവ്രവാദ ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് രഹസ്യാന്വേഷണ ബ്യൂറോ ജില്ലാ കളക്ടര്‍ വഴി വിസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലും നടന്നതിന് സമാനമായ സംഭവങ്ങള്‍ കേരളത്തിലും നടക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടതുപക്ഷ തീവ്രവാദ സംഘടനകള്‍ കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ഇന്റലിജന്‍സ് ബ്യൂറോ ഏപ്രില്‍ 13നാണ് കളക്ടര്‍ക്ക് കൈമാറിയത്. ഇതനുസരിച്ച് സര്‍വകലാശാലാ വൈസ് ചാന്‍സലറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മെയ് 21ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
‘പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, പാഠാന്തരം എന്നീ സംഘനകളെക്കുറിച്ചാണ് മുന്നറിയിപ്പ്. പാഠാന്തരം മാസികയുടെ വിതരണം ഇവിടെ നടക്കുന്നുണ്ടെന്നും ഈ മൂന്ന് സംഘടനകളെയും ഏകോപിപ്പിക്കുന്നത് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന പത്തനംതിട്ട സ്വദേശി എബി എബ്രഹാം എന്നയാളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എബിവിപി ഒഴികെയുള്ള എല്ലാ സംഘടനകളെയും ഉള്‍പ്പെടുത്തി ജോയിന്റ് കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍വകലാശാലയിലുള്ള ചില അധ്യാപകരാണ് ഇത്തരം സംഘടനകളുടെ പിന്നിലുള്ളതെന്ന് റിപ്പോര്‍ട്ടുണ്ട്. കാമ്പസിനകത്ത് നടന്ന ഹോസ്റ്റല്‍ സമരം ഉള്‍പ്പെടെയുള്ള വയില്‍ ഇത്തരം സംഘടനകളുടെ സ്വാധീനം കാണാം. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പോകാന്‍ തയ്യറാകാത്ത വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ മാര്‍ക്കില്‍ ഉള്‍പ്പെടെ കുറവ് വരുത്തിയും മറ്റ് രീതികളിലും പീഡിപ്പിക്കുന്നത് സാധാരണയായതായി കുട്ടികള്‍ തന്നെ പറയുന്നു.
ജെഎന്‍യുവിലെ സ്റ്റുഡന്‍സ് യൂണിയന്റെ കേരള വിഭാഗം ചെയര്‍മാനായിരുന്ന വ്യക്തിയാണ് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഈ വ്യക്തി കുറച്ച് കാലം മുമ്പ് റഷ്യയിലിരുന്ന് ഇന്ത്യയ്‌ക്കെതിരായി ചില ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്നുണ്ട്.
തീവ്ര ഇടത് സ്വഭാവമുള്ള അധ്യാപകരെയാണ് കുറച്ച് നാളുകളായി സര്‍വകലാശാലയില്‍ നിയമിക്കുന്നതെന്ന് ആരോപണമുണ്ട്. അവരാണ് കാമ്പസത്തിനകത്ത് കുട്ടികളെ ഉപയോഗിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ലഭിക്കാത്ത അവാര്‍ഡ് ലഭിച്ചതായി കാണിച്ച് പ്രചരണം നടത്തിയതിന്റെ പേരില്‍ ഒരു അധ്യാപകന്‍ അടുത്ത കാലത്ത് വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് എബിവിപി കാസര്‍കോട് ജില്ലാ കമ്മറ്റി വിസിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് പരാതി നല്‍കിയിരുന്നു. വിസിയോട് മന്ത്രി അത് സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോള്‍ എബിവിപി അത്തരത്തില്‍ യാതൊരു പരാതിയും നല്‍കിയിട്ടില്ലെന്നാണ് വിസി മറുപടി നല്‍കിയത്.
















