സെന്റ് ഡെനിസ്: തുടര്‍ച്ചയായ രണ്ടാം വിജയവും പ്രീ ക്വാര്‍ട്ടര്‍ പ്രവേശനവും പ്രതീക്ഷിച്ചിറങ്ങിയ കരുത്തരായ ജര്‍മ്മനിക്ക് രണ്ടാം മത്സരത്തില്‍ സമനില. ഗ്രൂപ്പ് സിയില്‍ പോളണ്ടാണ് ഗോള്‍രഹിത സമനിലയില്‍ ജര്‍മ്മനിയെ പിടിച്ചുകെട്ടിയത്. ഈ യൂറോകപ്പിലെ ആദ്യ ഗോള്‍രഹിത സമനിലയാണിത്. മത്സരം സമനിലയില്‍ ഒതുങ്ങിയതോടെ അടുത്ത മത്സരം ഇരു ടീമിനും നിര്‍ണായകമാവും. സമനിലയില്‍ കുടുങ്ങിയതോടെ ഇരുടീമുകള്‍ക്കും നാല് പോയിന്റ് വീതമാണുള്ളതെങ്കിലും ഗോള്‍ശരാശരിയില്‍ ജര്‍മ്മനി ഒന്നാമത്. പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയായിരുന്നു ഇരുടീമുകളും മൈതാനത്തിറങ്ങിയത്.
പന്ത് കൈവശം വെക്കുന്നതിലും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കിയെടുക്കുന്നതിലും മുന്‍പന്തിയില്‍ നിന്നത് ജര്‍മ്മനിയായിരുന്നു. 69 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ ജര്‍മ്മനി ആകെ പായിച്ചത് 16 ഷോട്ടുകള്‍. ഇതില്‍ മൂന്നെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും ഒരിക്കല്‍ പോലും പോളിഷ് ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. അതേസമയം ലക്ഷ്യത്തിലേക്ക് ഒരൊറ്റഷോട്ടുപോലും ഉതിര്‍ക്കാന്‍ പോളണ്ടിന് കഴിഞ്ഞതുമില്ല.
2010ലെ ലോകകപ്പില്‍ സ്പെയിനിനോട് പരാജയപ്പെട്ടശേഷം ഒരു പ്രധാന ടൂര്‍ണമെന്റില്‍ ജര്‍മ്മനി ഗോള്‍ നേടാതിരുന്ന ആദ്യ മത്സരമാണിത്. 2014 മെയ് 13ന് നടന്ന സൗഹൃദമത്സരത്തിലാണ് ജര്‍മ്മനി ഇതിന് മുമ്പ് അവസാനമായി ഗോള്‍രഹിത സമനില പാലിച്ചത്. അന്നും പോളണ്ടായിരുന്നു എതിരാളികള്‍.
ഇരുടീമുകളും രണ്ടു മാറ്റങ്ങളുമായിട്ടായിരുന്നു ടീമിനെ അണിനിരത്തിയത്. പോളണ്ടിന്റെ പരുക്കേറ്റ ഗോളി സ്ലെസ്നിക്കു പകരം ഫാബിയാന്‍സ്കിയും ഗ്രോസിക്കിച്ചിനു പകരം കപുസ്റ്റകയും രംഗത്തെത്തിയപ്പോള്‍ ജര്‍മ്മന്‍ നിരയില്‍ മുസ്തഫിക്കു പകരം മാറ്റ്സ് ഹമ്മല്‍ തിരിച്ചെത്തി.
ജര്‍മ്മന്‍കാരുടെ സംഘടിതമായ മുന്നേറ്റവുമായിട്ടായിരുന്നു മത്സരം തുടങ്ങിയത്.
ജര്‍മ്മന്‍ നിരയില്‍ മെസ്യൂട്ട് ഓസിലും ഡ്രാക്സലറും തോമസ് മുള്ളറും പലതവണ മുന്നേറ്റം നടത്തിയെങ്കിലും കരുത്തുറ്റ പോളണ്ട് പ്രതിരോധത്തില്‍ തട്ടി വിഫലമായി. ജര്‍മ്മന്‍ ആക്രമണം വരുമ്പോള്‍ ആറും ഏഴും പേര് ചേര്‍ന്ന് പെനാല്‍റ്റി ബോക്സില്‍ പ്രതിരോധം തീര്‍ത്തു. ആദ്യ പതിനഞ്ചുമിനിറ്റും പന്ത് പൂര്‍ണ്ണമായും ജര്‍മ്മനിയുടെ നിയന്ത്രണത്തില്‍.
പ്ലേ മേക്കര്‍ മെസ്യൂട്ട് ഓസില്‍ മിന്നുന്ന പ്രകടനത്തോടെയും ഡ്രാക്സ്ലര്, മുള്ളര്‍ എന്നിവര്‍ വിങ്ങുകളില്‍ കൂടിയും നടത്തിയ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ പന്ത് കിട്ടിയ മരിയോ ഗോട്സെ പാഴാക്കി. പതിനഞ്ചുമിനിറ്റിനുശേഷം കളിയില്‍ കളിയിലേക്ക് മടങ്ങി വന്ന പോളണ്ടുകാര്‍ അതിശയിപ്പിക്കുന്ന ഗതിവേഗവും പന്തടക്കവുമായി ജര്‍മ്മന്‍ പ്രതിരോധത്തെ വിറപ്പിച്ചതോടെ മാറ്റ് ഹമ്മല്‍സിനും ജെറോം ബോട്ടെങിനും പിടിപ്പതു പണിയായി. സൂപ്പര്‍താരം റോബേര്‍ട്ട് ലെവന്‍ഡോസ്കിയുടെ നേതൃത്വത്തിലായിരുന്നു പോളിഷ് മുന്നേറ്റങ്ങള്‍.
എന്നാല്‍ ഇരുടീമുകളും ഒരുക്കിയെടുത്ത അവസരങ്ങളില്‍ ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതിരുന്നതോടെ കളി സമനിലയില്‍ കലാശിച്ചു. പോളണ്ടിന്റെ അര്‍ക്കാഡ്യൂസ് മിലിക് രണ്ട് സുവര്ണാവസരങ്ങള് നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഉക്രെയിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വടക്കന്‍ അയര്‍ലന്‍ഡ് ചരിത്രവിജയം സ്വന്തമാക്കി.
49-ാം മിനിറ്റില്‍ ഗരെത് മക്അൗലിയും പരിക്കുസമയത്ത് ന്യാല് മക്ഗിന്നുമാണ് വടക്കന്‍ അയര്‍ലന്‍ഡിനായി ഗോള്‍ നേടിയത്. 1986-ലെ ലോകകപ്പിനുശേഷം ഒരു പ്രധാന ടൂര്‍ണമെന്റില്‍ അയര്‍ലന്‍ഡിന്റെ ആദ്യ ഗോളാണ് ഗശരത് മക്അൗലി നേടിയത്. ആദ്യമത്സരത്തില്‍ പോളണ്ടിനോട് പരാജയപ്പെട്ട അയര്‍ലന്‍ഡ് വിജയത്തോടെ നോക്കൗട്ട് പ്രതീക്ഷ സജീവമക്കി. അയര്‍ലന്‍ഡ് വിജയത്തോടെ നോക്കൗട്ട് പ്രവേശനത്തിനുള്ള പോരാട്ടം ഏറെ ആവേശകരമാകുമെന്ന് ഉറപ്പ്. 21ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ പോളണ്ടിന് ഉക്രെയനും വടക്കന്‍ അയര്‍ലന്‍ഡിന് ജര്‍മ്മനിയും എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: