ടുളൂസ്: ഇറ്റലി യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. 88-ാം മിനിറ്റില്‍ ഈഡര്‍ നേടിയ തകര്‍പ്പന്‍ ഗോളിന്റെ കരുത്തില്‍ സ്വീഡനെ 1-0ന് പരാജയപ്പെടുത്തി തുടര്‍ച്ചയായ രണ്ടാം വിജയം നേടിയാണ് ഇറ്റലി അവസാന 16-ലേക്ക് കുതിച്ചത്. രണ്ട് കളികളില്‍ നിന്ന് ആറ് പോയിന്റാണ് ഇറ്റലിക്കുള്ളത്. അതേസമയം ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനോട് സമനില പാലിച്ച സ്വീഡന് ഒരു പോയിന്റാണുള്ളത്.
സ്വീഡനെതിരെ 3-5-2 ശൈലിയിലാണ് ഇറ്റലി കളിക്കാനിറങ്ങിയത്. അതേസമയം സ്വീഡന് 4-4-2 ശൈലിയിലും. ഇരുടീമുകളും പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയുള്ള കളിയാണ് പുറത്തെടുത്തത്. ആദ്യമത്സരത്തില്‍ ബല്‍ജിയത്തെ കീഴടക്കിയ ഇറ്റലി സ്വീഡനെതിരെ കരുതലോടെയാണ് തുടങ്ങിയത്.
കൡ തുടങ്ങി മൂന്നാം മിനിറ്റില്‍ സ്വീഡന് അവസരം. ഇബ്രയെ ലക്ഷ്യമാക്കി കിം കാള്‍സ്റ്റോം നല്കിയ തകര്‍പ്പന്‍ ക്രോസ് ജോര്‍ജിയോ ചില്ലെനി ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്തു. 10-ാം മിനിറ്റില്‍ ഇറ്റലിയുടെ ഡാനിയേല ഡി റോസിയും മാര്‍ക്കോ പറോലോയും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് ഫ്ളോറന്‍സിക്ക്. എന്നാല്‍ ഫ്ളോറന്‍സി പായിച്ച ഷോട്ട് നേരെ സ്വീഡിസ് ഗോളിയുടെ കയ്യിലേക്ക്. ഇതിന് തൊട്ടുമുമ്പ് സ്വീഡന്റെ ഒരു മുന്നേറ്റം ബഫണിന് മുന്നില്‍ അവസാനിച്ചു.
19-ാം മിനിറ്റില്‍ ഇറ്റലിയുടെ മറ്റൊരു മുന്നേറ്റം. എന്നാല്‍ അന്റോണിയോ കാന്‍ഡ്രിവ ബോക്സിലേക്ക് നല്കിയ ക്രോസ് സ്വീഡിഷ് ഗോളി കുത്തിയകറ്റി അപകടം ഒഴിവാക്കി. 27-ാം മിനിറ്റില്‍ 40 വാര അകലെനിന്ന് സ്വീഡന് ഫ്രീകിക്ക്. എന്നാല്‍ കിക്കിനൊടുവില്‍ ബോക്സില്‍ നിന്ന ഇബ്രാഹിമോവിച്ച് പായിച്ച ഹെഡ്ഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തുടര്‍ന്നും ഇരുടീമുകളും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബോക്സിന് തൊട്ടടുത്തുവരെ എത്താനേ ഇരുടീമുകള്‍ക്കും കഴിഞ്ഞുള്ളൂ. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി.
രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റായപ്പോഴേക്കും ഇറ്റലിക്ക് നല്ലൊരു അവസരലഭിച്ചു. എന്നാല്‍ പെല്ലെയുടെ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ മൂന്ന് കോര്‍ണറുകള്‍ കൂടി ഇറ്റലിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 63-ാം മിനിറ്റില്‍ കാന്‍ഡ്രിവയുടെ ഷോട്ടും സ്വീഡിഷ് ഗോളി അനായാസം കയ്യിലൊതുക്കി. തുടര്‍ന്നും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലേക്കെത്തിയില്ല.
82-ാം മിനിറ്റില്‍ ഇറ്റലിയുടെ ഗോള്‍ ശ്രമത്തിന് മുന്നില്‍ ക്രോസ്ബാര്‍ വിലങ്ങുതടിയായി. ജോര്‍ജിയോ ചില്ലെനി നല്കിയ ക്രോസിന് പറോലോ ഉതിര്‍ത്ത ഹെഡ്ഡറാണ് ക്രോസ്ബാറില്‍ത്തട്ടി തെറിച്ചത്. അധികം കഴിയും മുന്നേ ഇറ്റലി ലീഡ് നേടി. പന്തുമായി ഒറ്റക്ക് സ്വീഡിഷ് പ്രതിരോധനിരക്കാരെ വകഞ്ഞുമാറ്റി മുന്നേറി ബോക്സില്‍ പ്രവേശിച്ച ശേഷം ഈഡര്‍ പായിച്ച തകര്‍പ്പന്‍ വലംകാലന്‍ ഷോട്ടാണ് മുഴുനീളെ പറന്ന ഗോളിയെയും മറികടന്ന് വലയില്‍ കയറിയത്.
തൊട്ടുപിന്നാലെ ലീഡ് ഉയര്‍ത്താനുള്ള അവസരം ഇറ്റലിക്ക് ലഭിച്ചെങ്കിലും കാന്‍ഡ്രിവയുടെ ഷോട്ട് സ്വീഡിഷ് ഗോളി പന്ത് രക്ഷപ്പെുടത്തി. അവസാന നിമിഷത്തില്‍ ലഭിച്ച അവസരം മുതലാക്കാന്‍ കഴിയാതിരുന്നതോടെ അനിവാര്യമായ സമനില സ്വീഡന് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: